ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍ | കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. സംഭവത്തില്‍ 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം.

ഇന്നലെ രാത്രി എട്ടരയോടെ പാനൂര്‍ മുക്കില്‍പീടികയില്‍ വെച്ച് മന്‍സൂറിനും സഹോദരന്‍ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.



source http://www.sirajlive.com/2021/04/07/474493.html

Post a Comment

Previous Post Next Post