എം ലിജു ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

ആലപ്പുഴ | ആലപ്പുഴയിലെ ഡി സി സി അധ്യക്ഷനും അമ്പലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായി എം ലിജു സ്ഥാനം രാജിവെച്ചു. അമ്പലപ്പുഴയിലും ജില്ലയില്‍ മുഴുവനായും പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലാണ് രാജി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രാജി തീരുമാനം അറിയിച്ച എം ലിജു പറഞ്ഞു. രാജി കെ പി സി സി അധ്യക്ഷന് അയച്ചതായും ലിജു പറഞ്ഞു. തോല്‍വി വിശദമായി പഠിക്കേണ്ടതുണ്ട്. സംഘടനാ തലത്തിലും പ്രശ്‌നങ്ങളുണ്ട്. ജില്ലയില്‍ സംഘടനാ ഉത്തരവാദിത്തമുള്ള വ്യക്തി എന്ന നിലയിലാണ് താന്‍ രാജി സമര്‍പ്പിച്ചത്. ജില്ലയില്‍ പ്രത്യേകിച്ച് തീരദേശ മേഖലയിടക്കം മുന്നണിക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തലെന്നും ലിജു പറഞ്ഞു.

അതിനിടെ രാജി സന്നദ്ധത അറിയിച്ച് കണ്ണൂര്‍, ഇടുക്കി ഡി സി സി പ്രസിഡന്റുമാര്‍ രംഗത്തെത്തി. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് സീറ്റുകള്‍ യു ഡി എഫ് നേടുമെന്ന് വിലയിരുത്തിയിരുന്നു. കണ്ണൂര്‍, കൂത്ത്പറമ്പ് സീറ്റുകള്‍ തിരിച്ചുപിടിക്കാനാകുമെന്നും കരുതി. എന്നാല്‍ ഇതിന് സാധിച്ചില്ലെന്ന് മാത്രമല്ല അഴീക്കോട് സീറ്റ് നഷ്ടപ്പെടുകയു ചെയ്തു. ഈ സാഹചര്യത്തിലാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ അറിയിച്ചു. കെ എസ് യു തലംമുതല്‍ അഴിച്ചുപണി ആവശ്യമാണ്. ഇടുക്കിയില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയില്‍ തനിക്കും ഉത്തരവാദിത്തമുണ്ട്. പുനഃസംഘടനക്കായി ഡി സി സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

 



source http://www.sirajlive.com/2021/05/03/477754.html

Post a Comment

Previous Post Next Post