മാർ ക്രിസോസ്റ്റം: സാമുദായിക സൗഹാർദത്തിനു ഊന്നൽ നൽകിയ ക്രിസ്തുമത പണ്ഡിതൻ-കാന്തപുരം

കോഴിക്കോട് | കേരളത്തിലെ സാമുദായിക സൗഹാർദത്തിനു ഊന്നൽ നൽകിയും പരസ്പര സമാധാനം ഉറപ്പിക്കുന്നതിനും വേണ്ടി വലിയ യത്നങ്ങൾ നടത്തിയ ക്രിസ്തുമത പണ്ഡിതനായിരുന്നു മാർത്തോമാ സഭാനേതാവ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുസ്മരിച്ചു.

അടുത്ത സൗഹൃദമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. 2012 ലെ കേരള യാത്ര യാത്ര സമയത്ത്, പത്തനംതിട്ടയിലെ വേദിയിൽ അദ്ദേഹം വരികയും വിവിധ മത വിശ്വാസികൾക്കിടയിലുള്ള ബന്ധം ശക്തമായി നിലനിൽക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ വസതിയിൽ വെച്ചും ദീർഘമായി ഞങ്ങൾ സംസാരിക്കുകയുണ്ടായി. മനുഷ്യ മനസ്സുകൾക്കിടയിലെ ഐക്യവും സാമൂഹിക സമാധാനവും എന്ന സന്ദേശത്തിലൂന്നി നടത്തിയ ആ യാത്രയെ അദ്ദേഹം വളരെ പ്രശംസിക്കുകയും ചെയ്തു. പിന്നീടും പല സമയങ്ങളിലും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. ആത്മീയതയിൽ ഊന്നിയ സൗഹാർദത്തിനും മതവിശ്വാസികൾക്കിടയിൽ മികച്ച ബന്ധം നിലനിറുത്തുന്നതിനും വേണ്ടി, സ്നേഹത്തിന്റ ഭാഷയിൽ നിരന്തരം സംസാരിക്കുകയും ഇടപെടുകയും ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അവറുകളുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു-കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.



source http://www.sirajlive.com/2021/05/05/477962.html

Post a Comment

Previous Post Next Post