കൊവിഡിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാതിരുന്ന അധ്യാപികക്ക് സസ്‌പെന്‍ഷന്‍; മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കലക്ടറോട് വിശദീകരണം തേടി

മലപ്പുറം | കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാതിരുന്ന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത ജില്ലാ കലക്ടര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റേതാണ് ഉത്തരവ്.

താനൂര്‍ ടൗണ്‍ സ്‌കൂളിലെ അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ കലക്ടര്‍ക്ക് നോട്ടീസയച്ചത്. വേങ്ങര നിയോജക മണ്ഡലത്തിലെ പോളിംഗ് ഓഫീസറായാണ് അധ്യാപികക്ക് നിയമനം ലഭിച്ചിരുന്നത്.
കൊവിഡ് പോസിറ്റീവായ വിവരം മാര്‍ച്ച് 24 ന് തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞമാസം രണ്ടിന് കൊവിഡ് നെഗറ്റീവാകുകയും ഒമ്പത് വരെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. എന്നാല്‍ കൊവിഡ് പോസിറ്റീവാകുന്നത് തിരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാന്‍ മതിയായ കാരണമല്ലെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ മറുപടിയെന്ന് അധ്യാപിക കമ്മീഷനെ അറിയിച്ചു.

കഴിഞ്ഞമാസം 16 ന് പരാതിക്കാരിയെ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സസ്‌പെന്‍ഷന്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നാണ് അധ്യാപികയുടെ ആവശ്യം.



source http://www.sirajlive.com/2021/05/06/478085.html

Post a Comment

Previous Post Next Post