കൈയേറ്റം ആരോപിച്ച് യു പിയില്‍ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളി പൊളിച്ചു

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയില്‍ നൂറോളം വര്‍ഷം വിശ്വാസികള്‍ പ്രാര്‍ഥന നടത്തിയ മുസ്ലിം പള്ളി പൊളിച്ചുമാറ്റി. ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് കൈയേറ്റം ആരോപിച്ച് പൊളിച്ച് നീക്കിയത്. മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

കഴിഞ്ഞ മാര്‍ച്ച് 15നാണ് പള്ളി അനധികൃത നിര്‍മാണമാണെന്ന് പറഞ്ഞുകൊണ്ട് പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് ജില്ലാഭരണകൂടം അയച്ചത്. ഇതിന് മറുപടിയ പള്ളിക്കറ്റി 1956 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും നിര്‍മാണം അനധികൃതമല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം ഇത് നിരാകരിച്ച് പള്ളി ഒഴിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പള്ളി കമ്മിറ്റി കോടതിയെ സമീപിച്ചു. തുടര്‍ന്ന് മയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ, പൊളിക്കുകയോ ചെയ്യരുതെന്ന് ഏപ്രില്‍ 24ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പള്ളി ഇടിച്ച് നിരത്തിയത്.
നൂറ്കണക്കിന് പേര്‍ ദിവസവും അഞ്ച് തവണ നിസ്‌ക്കാരത്തിനെത്തിയ പള്ളിയാണ് പൊളിച്ച് നീക്കിയതെന്ന് പള്ളി കമ്മിറ്റിയിലുള്ള മൗലാന അബ്ദുള്‍ മുസ്തഫ പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ്മദ് ഫാറൂഖി ശക്തമായി അപലപിച്ചു. ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് തീര്‍ത്തും ലംഘിച്ചാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.



source http://www.sirajlive.com/2021/05/19/479647.html

Post a Comment

أحدث أقدم