
നൂറ്റമ്പതോളം മൃതദേഹങ്ങളാണ് ഏതാനും ദിവസങ്ങളിലായി ഗംഗ, യമുന നദികളില്‍ ഒഴുകി നടന്നത്. സംഭവത്തില്‍ ബിഹാര്‍ കുറ്റപ്പെടുത്തുന്നത് ഉത്തര്‍ പ്രദേശിനെയാണ്. എന്നാല്‍ ഗാസിപ്പൂരില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നാണ് യു പിയുടെ നിലപാട്. ബക്‌സറില്‍ യമുന നദിയില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടതിന് പിന്നാലെ, ഉത്തര്‍ പ്രദേശില്‍ നിന്ന് ഒഴുകി വരുന്ന മൃതദേഹങ്ങളെ തടഞ്ഞു നിര്‍ത്താന്‍ നദിക്ക് കുറുകെ കൂറ്റന്‍ വലകെട്ടിയിരിക്കുകയാണ് ബിഹാര്‍ സര്‍ക്കാര്‍. യു പി-ബിഹാര്‍ അതിര്‍ത്തിയായ റാണിഘട്ടിലാണ് വല സ്ഥാപിച്ചത്. ഈ വലയില്‍ തടഞ്ഞു നില്‍ക്കുന്ന മൃതദേഹങ്ങള്‍ പക്ഷികള്‍ കൊത്തിവലിക്കുന്നതിന്റെ ഫോട്ടോ ചില മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ആംബുലന്‍സുകളില്‍ കൊണ്ടുവന്നാണ് മൃതദേഹങ്ങള്‍ നദിയില്‍ തള്ളുന്നതെന്നാണ് എന്‍ ഡി ടി വി റിപ്പോര്‍ട്ട്. ഒരു മേല്‍പ്പാലത്തിനു മുകളില്‍ നിന്ന് മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
യു പിയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുന്ന പശ്ചാത്തലത്തില്‍, ഉന്നാവോ ബക്‌സാറിലെ ഗംഗാ നദീതീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധി പേരാണ് എത്തുന്നതെന്ന് പ്രാദേശികമാധ്യമങ്ങള്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ചെറിയ കുഴിയെടുത്താണ് മറവ് ചെയ്യുന്നത്. ആഴത്തില്‍ കുഴിച്ചിടാത്തതിനാല്‍ തെരുവുനായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുപറിക്കുന്ന സ്ഥിതിയാണെന്നാണ് വാര്‍ത്ത. ചിതയൊരുക്കി മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാമ്പത്തികമായി ശേഷിയില്ലാത്തവരാണ് നദീതീരത്തിനടുത്ത് കുഴിച്ചിടുകയോ പുഴയിലൊഴുക്കുകയോ ചെയ്യുന്നത്. ദല്ലാളുമാരാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിതയൊരുക്കുന്ന പ്രദേശങ്ങളിലിപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കാനാവശ്യമായ വിറകിന് 25,000 രൂപയാണത്രെ അവര്‍ ഈടാക്കുന്നത്. ഗംഗയിലും പോഷക നദികളിലും മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് പ്രദേശത്തെ ആരോഗ്യവും ശുചിത്വവും അപകടപ്പെടുത്തുമെന്നും ഭാവിയില്‍ ഗംഗാനദി ഏറെ അപകടകരമായി മാറുമെന്നും ആരോഗ്യ വിദഗ്ധരും പരിസ്ഥിതി സ്‌നേഹികളും ചൂണ്ടിക്കാണിക്കുന്നു.
യു പിയില്‍ കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് കടുത്ത അലംഭാവവും വീഴ്ചയും ആരോപിക്കപ്പെടുന്നുണ്ട്. മതിയായ ചികിത്സയുടെ അഭാവം മൂലം ദിനംപ്രതി നിരവധി രോഗികളാണ് സംസ്ഥാനത്ത് മരണപ്പെടുന്നത്. ഇതുസംബന്ധിച്ച കൃത്യമായ കണക്ക് അധികൃതര്‍ പുറത്തു വിടുന്നില്ല. സര്‍ക്കാറിന്റെ മുഖം രക്ഷിക്കാന്‍ മരണസംഖ്യ കുറച്ചാണ് കാണിക്കുന്നതെന്ന് അലഹബാദ് ഹൈക്കോടതി തന്നെ നിരീക്ഷിക്കുകയുണ്ടായി. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി ഒരു ജുഡീഷ്യല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണക്കുകളും യു പി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് കോടതി പറയുന്നത്. ഗൊരഖ്പൂര്‍, ലക്്നോ, പ്രയാഗ് രാജ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിക്കുകയാണെങ്കില്‍ മരണനിരക്ക് സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ വളരെ കൂടുതലും ഭയാനകവുമാണെന്ന് കോടതി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ വീഴ്ചയെക്കുറിച്ച് വിമര്‍ശം ശക്തമാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഡോക്ടര്‍മാരുടെ തലയില്‍ കെട്ടിവെക്കുകയാണ് അധികൃതര്‍. യു പി സര്‍ക്കാറിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ഉന്നാവോയിലെ ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള 14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചിരുന്നു രണ്ട് ദിവസം മുമ്പ്. ജില്ലയില്‍ കൊവിഡ് കേസുകളുടെ വര്‍ധനവിന് തങ്ങളെ ബലിയാടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും മോശം പെരുമാറ്റവും ശിക്ഷാനടപടികളുമാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഡോക്ടര്‍മാര്‍ക്കു നേരേ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍മാരുടെ രാജി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അവതാളത്തിലാക്കും.
രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് പേര്‍ക്ക് പുതുതായി കൊവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ നദികളിലൂടെ അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ ഒഴുകി എത്തുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാറുകളുടെയോ കേന്ദ്രത്തിന്റെയോ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയക്കുകയും നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായ മല്‍ഹോത്ര ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയുമാണ്. സിറ്റിംഗ് ജഡ്ജിയോ റിട്ട. ജഡ്ജിയോ തലവനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. നദിയില്‍ നിന്ന് നൂറുകണക്കിനു മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ അധികൃതര്‍ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശരിയായ രീതിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി മല്‍ഹോത്ര ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
source http://www.sirajlive.com/2021/05/15/479029.html
إرسال تعليق