
ഫലമെന്തായിരുന്നു? 18 വയസ്സിന് മുകളിലുള്ളവരെ മുഴുവന്‍ വാക്‌സീനേറ്റ് ചെയ്യുകയെന്ന ബൃഹത് ദൗത്യം മുടങ്ങി. ജൂലൈയോടെ മാത്രമേ വാക്‌സീന്‍ ഉത്പാദനം മതിയായ തോതിലാക്കാന്‍ സാധിക്കൂ എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല പറയുന്നത്. ഇന്ത്യയില്‍ പ്രധാനമായും ഉപയോഗിക്കുന്ന കൊവിഷീല്‍ഡിന്റെ ഉത്പാദകര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണല്ലോ. മറ്റൊരു വാക്‌സീനായ കൊവാക്‌സീന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും ഉത്പാദനം ഒരു പരിധിക്കപ്പുറം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് സൂചിപ്പിച്ച് കഴിഞ്ഞു. ഉത്പാദനം വിദേശത്തേക്ക് മാറ്റാന്‍ ആലോചിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വലിയ സംശയങ്ങള്‍ സമൂഹത്തില്‍ പരന്നിട്ടുണ്ട്. ഇരട്ട ഡോസെടുത്തവര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതാണ് ഇതിന് ഒരു കാരണം. പുതിയ വകഭേദങ്ങള്‍ക്ക് വാക്‌സീന്‍ ഫലപ്രദമല്ല എന്നതാണ് മറ്റൊരു ആക്ഷേപം. എന്നാല്‍ രോഗപ്രതിരോധത്തേക്കാള്‍ രോഗ കാഠിന്യം കുറക്കുമെന്നതാണ് വാക്‌സീന്റെ യഥാര്‍ഥ ദൗത്യം. നേരത്തേ പ്രതിരോധത്തില്‍ മാത്രം ഊന്നിയ ആരോഗ്യ വിദഗ്ധര്‍ രോഗകാഠിന്യം കുറക്കാന്‍ വാക്‌സീന്‍ അനിവാര്യമാണെന്ന വസ്തുത ഉച്ചത്തില്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. വാക്‌സീനോട് വിമുഖത കാണിക്കുന്നത് മൗഢ്യമായിരിക്കും. എന്നാല്‍ വാക്‌സീനില്‍ എല്ലാം ഭാരമേല്‍പ്പിക്കുന്നതും വിഡ്ഢിത്തമാണ്. അതുകൊണ്ട് കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും സുനിശ്ചിതമായ പ്രതിരോധം സോഷ്യല്‍ വാക്‌സീനാണ്. സാമൂഹികമായ കരുതല്‍ തന്നെയാണ് അത്. ബേസിക്‌സുകളായ മാസ്‌ക്, സാനിറ്റൈസേഷന്‍/സോപ്പ്, സാമൂഹിക അകലം എന്നിവ കൂടുതല്‍ ജാഗ്രതയോടെ പാലിക്കുന്നതിനെ നമുക്ക് സോഷ്യല്‍ വാക്‌സീനേഷന്‍ എന്ന് വിളിക്കാം.
പുതിയ സാഹചര്യത്തില്‍ ഈ ദൗത്യം വീടിനകത്തേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ എസ് എം എസ് പാലിക്കണം എന്നതില്‍ നിന്ന് അകത്തും വേണം അതെന്ന ബോധ്യമാണ് ഇപ്പോള്‍ വേണ്ടത്. 56 ശതമാനം ആളുകളിലേക്ക് രോഗം പടര്‍ന്നത് വീടുകളില്‍ വെച്ചാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് നടത്തിയ പഠനം വ്യക്തമാക്കുന്നു. എല്ലാവരും കുടുംബത്തിന് ചുറ്റും സുരക്ഷാ വലയമൊരുക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. വീട്ടിലെ വയോജനങ്ങളുമായും കുട്ടികളുമായും ഇടപഴകുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. പുറത്തുനിന്ന് വീട്ടിലെത്തുമ്പോള്‍ കൈകാലും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങള്‍ മാറ്റുകയും വേണം. തുമ്മല്‍, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങള്‍ക്കും വേണം മാസ്‌ക്. മറ്റു വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. കൊവിഡ് വന്നേക്കാമെന്ന് ഭയന്ന് വീട്ടിലെ ജനലുകള്‍ അടച്ചിടാറുണ്ട്. അങ്ങനെയല്ല വേണ്ടത്. ജനലുകള്‍ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പ് വരുത്തണം. ആളുകള്‍ നിരന്തരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, വാതിലുകളുടെ പിടികള്‍, സ്വിച്ചുകള്‍ തുടങ്ങിയവ ഇടക്കിടക്ക് സാനിറ്റൈസ് ചെയ്യാം.
വീടിനകത്ത് നിന്ന് അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ ഏറ്റവും അടുത്ത കടയില്‍ നിന്ന് ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വാങ്ങുക. പുറത്ത് പോകുമ്പോള്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വന്നാലേ നിയന്ത്രണം പാലിക്കൂ എന്ന് ശഠിക്കുന്നത് പോലെയാണ് ചിലര്‍. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ആവശ്യത്തിന് ആശുപത്രി ബെഡുകളും ഓക്‌സിജനുമൊക്കെയുണ്ട്. പക്ഷേ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ ഒന്നും മതിയാകാതെ വരും. ആ ഘട്ടത്തിലേക്ക് പോകാതിരിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. എളിമയും വിശാല മനസ്‌കതയും മര്യാദയുമുള്ള മനുഷ്യരായി മാറാനുള്ള പരിശീലനം കൂടിയാണ് ഈ മഹാമാരി കാലം.
source http://www.sirajlive.com/2021/05/06/478135.html
إرسال تعليق