കൊടകര കുഴല്‍പ്പണം; കേസിന്റെ വിശദ വിവരങ്ങള്‍ പോലീസ് ഇ ഡിക്ക് നല്‍കിയേക്കും

തൃശൂര്‍ | കൊടകര കുഴല്‍പ്പണ ഇടപാട് കേസിന്റെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സംസ്ഥാന പോലീസ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. പണം കൊണ്ടുവന്ന ധര്‍മരാജന് തടയിടാനാണ് പോലീസ് നീക്കം. ഹവാല പണം പിടികൂടിയതിന്റെ വിശദ വിവരങ്ങള്‍ ഇ ഡിയെ അറിയിക്കുമെന്നാണ് സൂചന. നേരത്തെ, പ്രാഥമിക വിവരങ്ങള്‍ പോലീസ് കൈമാറിയിരുന്നു.സംസ്ഥാന പോലീസിന് ലഭിച്ച തെളിവുകളും മൊഴികളുമാണ് രണ്ടാം ഘട്ടമായി ഇ ഡിയെ അറിയിക്കുക.

പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയെ ഉള്‍പ്പെടെ ധര്‍മരാജന്‍ സമീപിച്ചതിനിടെയാണ് പോലീസ് നീക്കം. പിടികൂടിയത് ധര്‍മരാജന്‍ അവകാശപ്പെടും പോലെ ബിസിനസ് ആവശ്യത്തിനുളള പണമല്ലെന്നും കള്ളപ്പണമാണെന്നുമുള്ള നിലപാടാണ് പോലീസ് സ്വീകരിക്കുക. അന്വേഷണം പൂര്‍ത്തിയാകും വരെ പണം വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെടും.

അതിനിടെ, പണം തിരികെ ആവശ്യപ്പെട്ട് ധര്‍മരാജന്‍ നല്‍കിയ ഹരജി കോടതി തള്ളി. ഹരജി ഫയലില്‍ സ്വീകരിക്കാന്‍ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി തയാറായില്ല. ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹരജിയില്‍ പിഴവുകളുണ്ടെന്ന് പറഞ്ഞ കോടതി മതിയായ രേഖകളുമായി വരാന്‍ നിര്‍ദേശിക്കുകയായിരുന്നു.



source http://www.sirajlive.com/2021/06/09/483097.html

Post a Comment

أحدث أقدم