യു എന്‍ ആശങ്കയും ഇന്ത്യയുടെ മറുപടിയും

രാജ്യത്തെ പുതിയ ഐ ടി ചട്ടങ്ങളില്‍ മനുഷ്യാവകാശ ലംഘനമില്ലത്രെ. സാമൂഹിക മാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ നിയമങ്ങളാവിഷ്‌കരിച്ചതെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന ആശങ്ക ശരിയല്ലെന്നുമാണ് പുതിയ ഐ ടി നിയമവുമായി ബന്ധപ്പെട്ട് യു എന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഇന്ത്യന്‍ മിഷന്‍ നല്‍കിയ മറുപടി. വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഐ ടി ചട്ടങ്ങള്‍ കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളുടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെയും തെറ്റായ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയമ ഭേദഗതിയുടെ ആവശ്യം ഉയര്‍ന്നതെന്നും മറുപടിയില്‍ അവകാശപ്പെടുന്നു.
യു എന്നിലെ മനുഷ്യാവകാശ കമ്മീഷന്‍ വിദഗ്ധരായ ഐറീന്‍ ഖാന്‍, ക്ലമന്റ് വോള്‍, ജോസഫ് കന്നാറ്റസി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പുതിയ ഐ ടി ചട്ടങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയത്. വാട്സ്ആപ് സന്ദേശങ്ങളുടെ സ്വകാര്യത നിഷേധിക്കുന്നതുള്‍പ്പെടെ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വകാര്യതയെ ഹനിക്കുന്ന പുതിയ ഐ ടി ചട്ടങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ ഐ ടി നിയമങ്ങള്‍ സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവക്കു വിരുദ്ധമാണെന്ന് ഉണര്‍ത്തിയ യു എന്‍, ഇവ പുനഃപരിശോധനക്കു വിധേയമാക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നു. മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യതാ അവകാശം, ഡിജിറ്റല്‍ അവകാശം എന്നിവയെക്കുറിച്ച് ബന്ധപ്പെട്ടവരുമായും പൊതു ജനങ്ങളുമായും കൂടിയാലോചന നടത്തി ചട്ടങ്ങളുടെ വിശദമായ അവലോകനം നടത്താന്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2011ലെ ഐ ടി നിയമം പൊളിച്ചെഴുതി മെയ് 26ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ “ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഗൈഡ് ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021′ ആണ് പരാമര്‍ശവിധേയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങളുടെ ആദ്യ ഉത്ഭവം (ഫസ്റ്റ് ഒറിജിന്‍) വെളിപ്പെടുത്താന്‍ അത് ഉപയോഗിക്കുന്നവര്‍ ബാധ്യസ്ഥരായിരിക്കും. അത് ചെയ്യാത്തപക്ഷം ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ചട്ടത്തില്‍ നിര്‍ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള ഒരു ഇടം ഉണ്ടാക്കും. ആര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് കമ്പനികള്‍ പരസ്യപ്പെടുത്തുകയും അവരുടെ സമ്പര്‍ക്ക ഫോണ്‍ നമ്പര്‍ തുടങ്ങിയവ നല്‍കുകയും വേണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യക്കാരായ റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ടര്‍ എന്നിവരെ നിയമിക്കണം. ഉപയോക്താക്കളില്‍ നിന്നുള്ള പരാതികളെക്കുറിച്ചും അതുസംബന്ധിച്ച് സ്വീകരിച്ച നടപടിയെക്കുറിച്ചും പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം എന്നിങ്ങനെ പോകുന്നു പുതിയ നിയമങ്ങളിലെ വ്യവസ്ഥകള്‍.

സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങളുടെ ആദ്യ ഉത്ഭവം വെളിപ്പെടുത്താന്‍ അത് ഉപയോഗിക്കുന്നവര്‍ ബാധ്യസ്ഥരായിരിക്കുമെന്ന വ്യവസ്ഥയാണ് കൂട്ടത്തില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത്. ഇത് ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വകാര്യതയുടെ ലംഘനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തങ്ങള്‍ക്ക് അഹിതകരമായ സന്ദേശങ്ങള്‍ അയക്കുന്നവരെ കണ്ടെത്തി കുരുക്കുകയാണ് ഈ വ്യവസ്ഥ കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിമര്‍ശങ്ങളെ ഭയപ്പെടുന്നവരാണ് രാജ്യത്തെ ഭരണകൂടങ്ങള്‍ പൊതുവെ. സംഘ്പരിവാര്‍ സര്‍ക്കാറുകള്‍ വിശേഷിച്ചും. വിമര്‍ശകരെ ഇവര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയും തടവറകളില്‍ തളച്ചിടുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്തെ പലായനത്തിനിടെ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീണ ഘട്ടത്തില്‍ യൂട്യൂബ് ചാനലില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെക്ക് നേരേ പ്രയോഗിച്ചത് രാജ്യദ്രോഹക്കുറ്റമായിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ ട്വീറ്റ് ചെയ്ത കാണ്‍പൂരിലെ അഭിഭാഷകനായ അബ്ദുല്‍ഹനാന്‍, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത യു പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പങ്കജ് പുനിയ, വരദരാജന്‍ (ദി വയര്‍) തുടങ്ങി ഒട്ടനേകം പേര്‍ രാജ്യദ്രോക്കുറ്റമുള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ ആരോപിക്കപ്പട്ട് നിയമ നടപടികള്‍ക്ക് വിധേയരാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അധികാര വര്‍ഗത്തിനെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ പാടില്ലാത്തവിധം ജനാധിപത്യ ധ്വംസനം ഇന്ത്യന്‍ ദേശീയതയായി അവതരിപ്പിക്കപ്പെടുകയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍. സുതാര്യമായ സംവാദത്തെ അധികാര വര്‍ഗങ്ങള്‍ ഭയപ്പെടുന്നു. അവരുടെ ഈ നിലപാട് പലപ്പോഴും കോടതികളുടെ രൂക്ഷവിമര്‍ശങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. പൗരന്മാര്‍ തങ്ങള്‍ക്കു തെറ്റെന്ന് ബോധ്യമുള്ള നടപടി തിരുത്തിക്കാന്‍ ഭരണകൂടങ്ങള്‍ക്കെതിരെ സമാധാനപരമായ രീതിയില്‍ ഉന്നയിക്കുന്ന വിമര്‍ശങ്ങളും പ്രതിഷേധങ്ങളും നിയമ വിരുദ്ധമല്ലെന്നും ഏതെങ്കിലും പൗരനെ സര്‍ക്കാറുകളും പോലീസും ഇപ്പേരില്‍ ഉപദ്രവിക്കുകയാണെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നുമാണ് വിനോദ് ദുവെക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്. കോടതികളുടെ ഇത്തരം ഇടപെടലുകള്‍ സര്‍ക്കാറുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഇത് മറികടക്കുക കൂടിയായിരിക്കണം പുതിയ ഐ ടി നിയമം ആവിഷ്‌കരിച്ചതിനു പിന്നില്‍. യു എന്‍ ചൂണ്ടിക്കാട്ടിയത് ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനത്തെയാണ്. ജനങ്ങള്‍ക്ക് സര്‍ക്കാറിനെ ഭയക്കേണ്ടതില്ലെന്നതാണ് ജനാധിപത്യത്തിന്റെ മനോഹര വശം. അധികാരി വര്‍ഗത്തോട് തങ്ങളുടെ അഭിപ്രായം ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ പൗരന്മാര്‍ക്ക് കഴിയണം. ആ അവകാശമാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളോടെ ഇല്ലാതാകുന്നത്.



source http://www.sirajlive.com/2021/06/22/485337.html

Post a Comment

Previous Post Next Post