ബി ജെ പിയില്‍ എം ഗണേശന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിന് നീക്കം; ‘നിഷ്‌കാമ കര്‍മി’കളെ അണിനിരത്തും

കോഴിക്കോട് | വര്‍ഷങ്ങളായി ഗ്രൂപ്പ് പോരില്‍ വട്ടം കറങ്ങുന്ന കേരളത്തിലെ ബി ജെ പിയില്‍ മൂന്നാം ഗ്രൂപ്പ് രൂപപ്പെടുന്നു. കേരളത്തില്‍ ശക്തമായ വി മുരളീധരന്‍-പി കെ കൃഷ്ണദാസ് ഗ്രൂപ്പുകള്‍ക്ക് പുറത്ത് ആര്‍ എസ് എസ് നോമിനിയായ സംഘടനാ സെക്രട്ടറി എം ഗണേശനെ അനുകൂലിക്കുന്നവര്‍ മറ്റൊരു ഗ്രൂപ്പായി സംഘടിക്കാന്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ മറവില്‍ കേരളത്തിലെത്തിയ കുഴല്‍പ്പണത്തിന്റെ പങ്കുപറ്റി ഇരു ഗ്രൂപ്പുകളും ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ‘ഹിന്ദുരാഷ്ട്രത്തിനായുള്ള നിഷ്‌കാമ കര്‍മികള്‍’ ചേര്‍ന്ന് മൂന്നാം ഗ്രൂപ്പിനു രൂപം നല്‍കുന്നത്.

തിരഞ്ഞെടുപ്പില്‍ പണം നല്‍കാതെ നോക്കുകുത്തികളാക്കിയ സ്ഥാനാര്‍ഥികള്‍, വിവിധ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെയെല്ലാം പിന്തുണയോടെയാണ് മൂന്നാം ഗ്രൂപ്പിന് നീക്കം നടക്കുന്നത്.
നേരത്തെയും കേരളത്തില്‍ ബി ജെ പിക്കുള്ളില്‍ ഗ്രൂപ്പ് മത്സരത്തിനിടെ മൂന്നാം ഗ്രൂപ്പ് പിറന്നിരുന്നു. അന്ന് മുന്‍ പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയെ മുന്‍നിര്‍ത്തിയായിരുന്നു നീക്കം. അദ്ദേഹം മിസോറാം ഗവര്‍ണറായ ശേഷം ആ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിര്‍ജീവമായി.

പല തവണ പാര്‍ട്ടി ദേശീയ നേതൃത്വം താക്കീത് നല്‍കിയിട്ടും ശമനമാകാതിരുന്ന ഗ്രൂപ്പ് പോര് കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതോടെ മറ്റൊരു തലത്തിലേക്കു വളരുകയായിരുന്നു. കെ സുരേന്ദ്രന്‍-വി മുരളീധരന്‍ സഖ്യം കേന്ദ്ര നേതൃത്വത്തിലെ സ്വാധീനം ഉപയോഗിച്ച് മറ്റു നേതാക്കളെയെല്ലാം നിഷ്പ്രഭരമാക്കി മുന്നേറുകയായിരുന്നു. അതിനിടെയാണ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയും അതിനു പിന്നാലെ കുഴല്‍പ്പണ ആരോപണവും വരുന്നത്.

കേരളത്തില്‍ രണ്ടു ഗ്രൂപ്പുകളുടെ കലഹം മൂര്‍ച്ഛിച്ച് സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പു പോലും അസാധ്യമായ കാലത്താണ് നിഷ്‌കാമ കര്‍മി പ്രതിച്ഛായയുള്ള ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം സംസ്ഥാന പ്രസിഡന്റായി കെട്ടിയിറക്കിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടിയെങ്കിലും വിപരീത ഫലമാണ് ഉണ്ടായത്. കുമ്മനം പ്രസിഡന്റായതോടെ കൃഷ്ണദാസ് വിഭാഗം കുമ്മനവുമായി യോജിക്കുകയും ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ കുമ്മനവും തലവേദനയാവും എന്നു കണ്ടതോടെ അദ്ദേഹത്തെ പദവിയില്‍ നിന്നു നീക്കാന്‍ കണ്ട വഴിയായിരുന്നു ഗവര്‍ണറാക്കി നാടുകടത്തുക എന്നത്.

ഒ രാജഗോപാല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പദ്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായിരുന്ന പി എം വേലായുധന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, കെ പി ശ്രീശന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ പി പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറിയായിരുന്ന ടി ലീലാവതി തുടങ്ങിയവരാണ് അന്നു ശ്രീധരന്‍ പിള്ളയെ മുന്‍നിര്‍ത്തിയുള്ള മൂന്നാം ഗ്രൂപ്പിനു ചരടു വലിച്ചത്. ഇതില്‍ പലരുടേയും അറിവോടെയാണ് ഇപ്പോള്‍ ഗണേശനെ മുന്‍നിര്‍ത്തിയുള്ള മൂന്നാം ഗ്രൂപ്പ് നീക്കവും നടക്കുന്നത് എന്നാണു വിവരം.

അന്ന് കുമ്മനത്തെ നീക്കി പി എസ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കിയെങ്കിലും മുരളീധരന്‍, കൃഷ്ണദാസ് ഗ്രൂപ്പുകള്‍ ശ്രീധരന്‍ പിള്ളയുമായി സഹകരിക്കാതായതോടെ ഗ്രൂപ്പ് വൈരം മൂര്‍ച്ഛിച്ചു. അന്നു ശ്രീധരന്‍ പിള്ളയുടെ താങ്ങും തണലുമായിരുന്ന സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന് ഇപ്പോള്‍ മൂന്നാം ഗ്രൂപ്പിനെ നയിക്കാന്‍ നിയോഗം ലഭിക്കുന്നത് യാദൃശ്ചികമല്ല. ശബരിമല വിഷയം വന്നപ്പോള്‍ സുവര്‍ണാവസരം എന്ന പരസ്യ പ്രസ്താവന പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന് ആരോപിച്ച് ഇരുവിഭാഗവും രംഗത്തുവന്നപ്പോള്‍ പിന്തുണയ്ക്കാന്‍ ആളില്ലാതെ സ്ഥാനമൊഴിഞ്ഞ ശ്രീധരന്‍ പിള്ള വിദൂരത്തിരുന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്.

1990ലാണ് ബി ജെ പി കേരള ഘടകത്തില്‍ ആദ്യമായി ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ബി ജെ പിയെ നിയന്ത്രിക്കാന്‍ ആര്‍ എസ് എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി പി പി മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഗ്രൂപ്പ്. കെ രാമന്‍ പിള്ള എതിര്‍ ഗ്രൂപ്പിനു നേതൃത്വം നല്‍കി. മുകുന്ദന്‍ പുറത്തായതോടെയാണ് പി കെ കൃഷ്ണദാസ് ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തത്. വി മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായതോടെ പഴയ രാമന്‍പിള്ള ഗ്രൂപ്പിലെ പലരും കൃഷ്ണദാസ് പക്ഷത്തേക്ക് പോയി. മറ്റുള്ളവര്‍ മുരളീധരന്‍ പക്ഷത്തും അണിനിരന്നു. കെ സുരേന്ദ്രന്‍ തന്നെയായിരുന്നു ഗ്രൂപ്പിലെ പ്രമുഖന്‍. എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍.

നേതാക്കളുടെ നീണ്ട നിര കൂടെയുണ്ടായിട്ടും ശ്രീധരന്‍ പിള്ളക്ക് മൂന്നാം ഗ്രൂപ്പുണ്ടാക്കി അതിജീവിക്കാന്‍ കഴിയാതിരുന്നതോടെ ഗണേശനെ മുന്‍നിര്‍ത്തിയുള്ള പുതിയ നീക്കം അത്യന്തം ആസൂത്രിതമായാണ് നടക്കുന്നത്.
വി മുരളീധരന്‍ കേന്ദ്ര സഹമന്ത്രിയും കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനുമായതോടെ കേന്ദ്ര സ്വാധീനം ഉപയോഗിച്ച് എല്ലാ നിലയിലും മറ്റു ഗ്രൂപ്പുകള്‍ക്കുമേല്‍ ശക്തമായ ആധിപത്യം ഉറപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്‍, പി എം വേലായുധന്‍ തുടങ്ങിയ നേതാക്കളാണ് അല്‍പ്പമെങ്കിലും ഇവരുമായി ഏറ്റുമുട്ടാന്‍ ധൈര്യം കാണിച്ചത്.

പാര്‍ട്ടിയില്‍ അടുത്തകലത്തായി കടന്നെത്തിയ പഴയ ബ്യൂറോക്രാറ്റുകള്‍, ടെക്നോക്രാറ്റുകള്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ക്കു പാര്‍ലിമെന്ററി പദവികളില്‍ മാത്രമാണ് താത്പര്യം എന്നതിനാല്‍ അവരൊന്നും ഗ്രൂപ്പു പോരിന്റെ ഭാഗമായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് വിട്ടു വന്ന മുന്‍ എം പി. എ പി അബ്ദുല്ലക്കുട്ടിക്ക് ദേശീയ സംഘടനാ താത്പര്യംകൂടി ഉണ്ടെന്നതിനാല്‍ അദ്ദേഹം ദേശീയ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.

കേരളത്തിലെ രൂക്ഷമായ ഗ്രൂപ്പുപോരും തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും മുന്‍നിര്‍ത്തി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് കേന്ദ്രം നീക്കം നടത്തിയിരുന്നു. എന്നാല്‍ കുഴല്‍പ്പണ ഇടപാട് വിവാദമായ സാഹചര്യത്തില്‍ ഇപ്പോള്‍ അത്തരം നീക്കമുണ്ടായാല്‍ അതു പാര്‍ട്ടിക്കും നേതാക്കള്‍ക്കും കനത്ത ആഘാതം ഉണ്ടാക്കുമെന്ന് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നു ലഭിച്ച നിരവധി പരാതികളില്‍ എങ്ങിനെ തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ കുഴങ്ങിയിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ഇതിനിടെ കേരളത്തില്‍ മൂന്നാം ഗ്രൂപ്പിനുള്ള നീക്കം ശക്തമാകുന്ന വിവരവും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.



source http://www.sirajlive.com/2021/06/10/483269.html

Post a Comment

أحدث أقدم