തിരുവനന്തപുരം | പ്രളയത്തില്‍ വന്നടിഞ്ഞിട്ടുള്ള മാലിന്യം, മണ്ണ്, എക്കല്‍, മണല്‍, പാറ, മരങ്ങള്‍ എന്നിവയുടെ മിശ്രിതം മാറ്റുവാനുള്ള പൊതു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ലെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ദുരന്ത പ്രതികരണ മാര്‍ഗരേഖ പ്രകാരമാണിത്. എല്ലാ ജില്ലാ അതോറിറ്റികള്‍ക്കും മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളിലും ഉരുള്‍പൊട്ടലിലും അടിഞ്ഞു കൂടിയ എക്കല്‍ മാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുവാന്‍ ഇതു വഴി കഴിയും. നിയമസഭയില്‍ കെ ബാബുവിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആവശ്യമായ തുക കണക്കാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശിപാര്‍ശയോടെ ദുരിതാശ്വാസ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന മുറയ്ക്ക് അനുമതി ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഇതോടൊപ്പം വന്നടിഞ്ഞിട്ടുള്ള മാലിന്യങ്ങള്‍ മാറ്റി ജലഗതാഗതം സുഗമമാക്കാനുള്ള എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. മാറ്റുന്ന മാലിന്യങ്ങള്‍ ഇടാനായി പ്രത്യേകം സ്ഥലം കണ്ടെത്തി എത്രയും വേഗം ഈ പ്രവൃത്തി നടത്തുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
source
http://www.sirajlive.com/2021/06/10/483271.html
إرسال تعليق