ചോദ്യോത്തര വേളയില്‍ ഭരണപക്ഷം അവഹേളിച്ചതായി പരാതി; നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം | ചോദ്യോത്തര വേളയില്‍ ഭരണപക്ഷം അവഹേളിച്ചതായി ആരോപിച്ച് നിയമസഭാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ദുരിതങ്ങളും പ്രതിസന്ധികളുമുണ്ടായ ഘട്ടങ്ങളില്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയെല്ലാം ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചതെന്ന രൂപത്തിലുള്ള പരാമര്‍ശമാണ് ഇറങ്ങിപ്പോക്കിലേക്ക് നയിച്ചത്. പതിനഞ്ചാം നിയമസഭ സമ്മേളനത്തില്‍ നിന്ന് ഇതാദ്യമായാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നത്.

ആലത്തൂര്‍ എം എല്‍ എയും സി പി എം നേതാവുമായ കെ ഡി പ്രസേനന്റെ ചോദ്യമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്ത് ഓഖി, നിപാ, പ്രളയം, കൊവിഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. ഇതിനിടയിലും ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ എന്നായിരുന്നു പ്രസേനന്റെ ചോദ്യം. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും റൂള്‍സ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



source http://www.sirajlive.com/2021/06/07/482760.html

Post a Comment

Previous Post Next Post