ക്രിസ്റ്റ്യാനോയുടെ നടപടിയില്‍ വിപണി മൂല്ല്യം ഇടിഞ്ഞ് കൊക്കോ കോള

മ്യൂണിക്ക് |  യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ഒരു ഇടപെടലില്‍ കൊക്കോ കോളക്കുണ്ടായത് കോടികളുടെ നഷ്ടം. വാര്‍ത്താസമ്മേളനത്തിനിടെ മേശപ്പുറത്തുണ്ടായ രണ്ട് കൊക്കോ കോള ബോട്ടില്‍ എടുത്തുമാറ്റി കുപ്പിവെള്ളം കുടിക്കാന്‍ ക്രിസ്റ്റ്യാനോ ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്കകം കോളയുടെ വിപണി മൂല്യത്തില്‍ 520 കോടിഡോളറിന്റെ ഇടിവുണ്ടായതാണ് റിപ്പോര്‍ട്ട്.

റൊണാള്‍ഡോ കോള ബോട്ടില്‍ എടുത്തുമാറ്റി, വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

യുറോ കപ്പിലെ ഔദ്യോഗിക സ്പോണ്‍സര്‍ കൂടിയാണ് കൊക്കോ കോള. റൊണാള്‍ഡോയുടെ വൈറലായ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും.

ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. നേരത്തെ പല വിഷയങ്ങളിലും സാമുഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം നടത്തിയ ഇടപെടലും വലിയ ചര്‍ച്ചയായിരുന്നു. ഫലസ്തീന് നല്‍കിയ പിന്തുണയും യുദ്ധത്തില്‍ കൊല്ലപ്പെടുന്ന കുട്ടികള്‍ക്കായി ശബ്ദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ മാനുഷിക മൂല്ല്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായിരുന്നു.



source http://www.sirajlive.com/2021/06/16/484263.html

Post a Comment

Previous Post Next Post