യുപിയില്‍ മുസ്ലിം വയോധികനെ മര്‍ദിച്ച് താടി ബലമായി വെട്ടിയ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍

ഗാസിയാബാദ് | ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ലോനി പ്രദേശത്ത് മുസ്ലീം വയോധികനെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് താടി വെട്ടുകയും ചെയ്ത കേസല്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് അറസ്റ്റില്‍. ഉമൈദ് പെഹല്‍വാന്‍ എന്നയാളെയാണ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.

സമദ് സൈഫിയെന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. സാമുദായിക സ്പര്‍ദയാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണം പോലീസ് നിഷേധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വേറെയും ചിലരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഉമൈദ് പെഹല്‍വാന്‍ ഒളിവിലായിരുന്നു. ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിക്ക് സമീപം വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം, ഈ കേസിലെ പ്രധാന പ്രതിയായ പ്രവേഷ് ഗുര്‍ജര്‍ കവര്‍ച്ച കേസില്‍ ജയിലിലാണ്. ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

അറസ്റ്റിലായ പഹൽവാൻ

ജൂൺ അഞ്ചിന് രാത്രിയോടെയായിരുന്നു സംഭവം. ലോണിയേല്ക്ക് പോവുകയായിരുന്ന സമദിനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സമദിനെ തട്ടിക്കൊണ്ടു പോയി സമീപത്തുള്ള വനപ്രദേശത്തെ ഒരു മുറിയിലെത്തിച്ചു. ഇവിടെ വച്ചായിരുന്നു അതിക്രമം.

‘ജയ് ശ്രീറാം’, ‘വന്ദേമാതരം’ വിളികൾ മുഴക്കിയ അക്രമികൾ സമദിനോടും ഇത് പറയാൻ ആവശ്യപ്പെട്ടു. ഇയാളുടെ കരണത്തടിക്കുന്നതും തടിക്കഷണം ഉപയോഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തന്‍റെ വിശ്വാസത്തിന്‍റെ പേരിലാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്നാണ് സമദ് ആരോപിക്കുന്നത്. തന്‍റെ മൊബൈൽ ഫോണും ആക്രമികൾ തട്ടിയെടുത്തെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.



source http://www.sirajlive.com/2021/06/19/484801.html

Post a Comment

Previous Post Next Post