ആസ്ട്രിയ വിറപ്പിച്ച് കീഴടങ്ങി; ഇറ്റലിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ലണ്ടന്‍ | അധിക സമയത്തേക്ക് നീണ്ട ത്രില്ലറില്‍ ആസ്ട്രിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറ്റലി യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. തുടര്‍ച്ചയായി 31 ാം മത്സരത്തിലാണ് ഇറ്റലി തോല്‍വിയറിയാതെ കുതിക്കുന്നത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയം-പോര്‍ച്ചുഗല്‍ മത്സരത്തിലെ വിജയികളെയാണ് ഇറ്റലി നേരിടുക. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു. ഇതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. പകരക്കാരായി എത്തിയവരാണ് ഇരു ടീമുകളുടെയും ഗോളുകള്‍ നേടിയത്.

ഇറ്റലിക്കു വേണ്ടി ഫെഡറിക്കോ കിയേസ, മാത്തിയോ പെസീന എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ആസ്ട്രിയയുടെ ഗോള്‍ പിറന്നത് സസ കലാസിച്ചിന്റെ ബൂട്ടില്‍ നിന്നാണ്.
മത്സരത്തിന്റെ സമയ ദൈര്‍ഘ്യം വ്യക്തമാക്കുന്നതു പോലെ ഇറ്റലിക്ക് മത്സരം അനായാസമായിരുന്നില്ല. അസൂറികളെ വിറപ്പിച്ചാണ് ആസ്ട്രിയ കീഴടങ്ങിയത്. ഇറ്റാലിയന്‍ മുന്നേറ്റ നിരയെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ആസ്ട്രിയ വിജയിച്ചു.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ആസ്ട്രിയ കളത്തിലിറങ്ങിയത്. എന്നാല്‍ ഇറ്റലി രണ്ട് മാറ്റങ്ങളുമായാണ് എത്തിയത്. ഫെഡറിക്കോ കിയേസയാണ് ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ 95 ാം മിനുട്ടില്‍ സ്പിനാസോളയുടെ പാസ് സ്വീകരിച്ച കിയേസ ആസ്ട്രിയന്‍ പ്രതിരോധത്തെ വെട്ടിച്ച് ഗോളിലേക്ക് മികവുറ്റ ഷോട്ടുതിര്‍ത്തപ്പോള്‍ ഗോള്‍വല കാത്ത ബാഷ്മാന്‍ നിസ്സഹായനായി (1-0).

105 ാം മിനുട്ടിലായിരുന്നു ഇറ്റലിയുടെ രണ്ടാം ഗോള്‍. ഇത്തവണ പെസ്സീനയാണ് അസൂറികള്‍ക്കായി ഗോള്‍ നേടിയത്. അസെര്‍ബിയുടെ പാസ് സ്വീകരിച്ച മാത്തിയോ പെസീന കിടിലന്‍ ഷോട്ടിലൂടെ പന്ത് ആസ്ട്രിയന്‍ വലയിലെത്തിച്ചു (2-0). 114 ാം മിനുട്ടില്‍ ആശ്വാസ ഗോളിലേക്ക് ആസ്ട്രിയന്‍ താരം സസ കലാസിച്ച് തലവച്ചു. ഷൗബ് എടുത്ത കോര്‍ണര്‍ കിക്ക്, സൂപ്പര്‍ ഹെഡ്ഡറിലൂടെ കാലാസിച്ച് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു (1-2).



source http://www.sirajlive.com/2021/06/27/486086.html

Post a Comment

أحدث أقدم