ഹിന്ദു ബേങ്ക്; സംഘ്പരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനുറച്ച് സി പി എം

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ഹിന്ദുബേങ്ക് രൂപവത്ക്കരിക്കാന്‍ നീക്കം നടക്കുന്നതായ മാധ്യമ വാര്‍ത്തക്കിടെ ഇതിനെ പ്രതിരോധിക്കാനുള്ള അണിയറ നീക്കങ്ങള്‍ സി പി എം തുടങ്ങി. സംഘ്പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്. ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനാണ് നീക്കം നടക്കുന്നത്.

എന്നാല്‍ ഹിന്ദുവിന് മാത്രമായൊരു ബേങ്കും വായ്പയും ലക്ഷ്യം വെക്കുന്നത് നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനാണെന്നാണ് സി പി എം വിലയിരുത്തല്‍. ഇതിനെ തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാനാണ് സി പി എം നീക്കം. ഇത്തരം ബേങ്കുകളോട് പാര്‍ട്ടിയുടേയോ, വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കില്ലെന്ന് പാര്‍ട്ടി ഉറപ്പുവരുത്തും.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടറിമാര്‍ക്ക് ഇക്കാര്യത്തില്‍ സി പി എം അടിയന്തര നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ഏരിയാ അടിസ്ഥാനത്തില്‍ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനം.
അതേസമയം ഹിന്ദുബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

 



source http://www.sirajlive.com/2021/06/22/485363.html

Post a Comment

Previous Post Next Post