ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശവും ലൈംഗികച്ചുവയോടെയുള്ള സംസാരവും; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ | ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ച് ലൈംഗികച്ചുവയോടെ വിദ്യാര്‍ഥിനിയോട് സംസാരിച്ച അധ്യാപകന്‍ പിടിയില്‍. കില്‍പ്പോക്ക് വിദ്യാമന്ദിര്‍ സ്‌കൂളിലെ സയന്‍സ് അധ്യാപകന്‍ ജെ ആനന്ദാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പു ചുമത്തി.

കില്‍പ്പോക്ക് മഹിര്‍ഷി വിദ്യാമന്ദിര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജെ ആനന്ദിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പരാതി പങ്കുവച്ചത്. ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയക്കുകയും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തി.

പിന്നാലെ അധ്യാപകന്‍ ആനന്ദിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കു ക്ഷണിച്ചതിന്റെയും ശരീര വര്‍ണ്ണന നടത്തി സന്ദേശം അയച്ചിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ വിദ്യാര്‍ഥിനികള്‍ പങ്കുവച്ചു. ഇതോടെ തമിഴ്‌നാട് വനിതാ ശിശുസംരക്ഷണ വകുപ്പ് സ്വമേധയാ കേസ് എടുത്തു. ചെന്നൈയിലെ വീട്ടില്‍ നിന്നുമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭവന്‍ സ്‌കൂളില്‍ തോര്‍ത്തുമുണ്ടുടുത്ത് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത കൊമേഴ്‌സ് അധ്യാപകന്‍ രാജഗോപാലിനെിരെ ചെന്നൈ പോലീസ് കേസ് എടുത്തിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.



source http://www.sirajlive.com/2021/06/10/483210.html

Post a Comment

Previous Post Next Post