പാറ്റ്ന | ബിഹാറിലെ സമഷ്ടിപൂരിലുള്ള ‘ഹരിത പാഠശാല’ കോച്ചിംഗ് സെന്റര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. ഫീസിന്റെ കാര്യത്തിലാണ് കോച്ചിങ് സെന്റര്‍ വേറിട്ടുനില്‍ക്കുന്നത്. ഒരു വിദ്യാര്‍ഥി ഫീസായി കോളജിന് നല്‍കേണ്ടത് 18 മരത്തൈകളാണ്. 33 കാരനായ രാജേഷ് കുമാര്‍ സുമനാണ് പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍. രാജേഷ് കുമാറിന്റെ മരിച്ചുപോയ അമ്മാവനാണ് പരിശീല സ്ഥാപനം തുടങ്ങാന്‍ പ്രചോദനമായത്. അമ്മാവന്റെ സ്മരണയ്ക്കായാണ് ബിനോദ് സ്മൃതി സ്റ്റഡി ക്ലബിന് കീഴില്‍ കോച്ചിംഗ് സെന്റര്‍ ആരംഭിച്ചത്. ഈ സെന്റര്‍ ദരിദ്രര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് രാജേഷ് കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ജോലികള്‍ക്കായി വിവിധ മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെയും വൈകുന്നേരവും സൗജന്യ പരിശീലനമാണ് നല്‍കുന്നത്. 18 മരങ്ങളില്‍ നിന്നുള്ള ഓക്സിജന്‍ ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ വേണം. അതുകൊണ്ടാണ് 18 തൈകള്‍ ഫീസായി ഈടാക്കുന്നതെന്നാണ് രാജേഷ് കുമാറിന്റെ പക്ഷം. ഹരിത പാഠശാലയില്‍ 2008 മുതല്‍ 5,000 വിദ്യാര്‍ഥികള്‍ പരിശീലനത്തിനെത്തിയിട്ടുണ്ട്. ഈയടുത്ത് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ ബിഹാര്‍ പോലീസ് പരീക്ഷയില്‍ വിജയിക്കുകയും സബ് ഇന്‍സ്പെക്ടര്‍മാരാവുകയും ചെയ്തിട്ടുണ്ട്.
source http://www.sirajlive.com/2021/07/29/491251.html
Post a Comment