ആശങ്കാജനകമായി തുടരുകയാണ് കേരളത്തിലെ പ്രതിദിന കൊവിഡ് ബാധിതരുടെ നിരക്ക്. വ്യാഴാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ശതമാനമാണ്. 1,24,886 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,868 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും 10 ശതമാനത്തിന് അടുത്തു വരും ടി പി ആര്‍. വ്യാഴാഴ്ചത്തെ മരണങ്ങളില്‍ 124 എണ്ണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനമാണിപ്പോള്‍ കേരളം. ഇതര സംസ്ഥാനങ്ങളിലെല്ലാം പതിനായിരത്തിന് താഴെയാണ് പ്രതിദിന രോഗനിരക്ക്.
കൊവിഡിന്റെ രണ്ടാം വരവില്‍, മെയ് മാസത്തില്‍ 29.75 ശതമാനം വരെ രേഖപ്പെടുത്തിയ പ്രതിദിന രോഗബാധയുടെ നിരക്ക് ക്രമേണ കുറഞ്ഞു വന്ന് ജൂണ്‍ 20ന് 9.63 വരെ താഴ്ന്നതാണ്. മദ്യഷാപ്പുകള്‍ തുറക്കുന്നത് ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനു പിന്നാലെയാണ് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു തുടങ്ങിയത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ ടി പി ആര്‍ ആറ് ശതമാനത്തിനു താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ടി പി ആര്‍ ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങളില്‍ സെമി ലോക്ക്ഡൗണും, 12നും 18നും ഇടയിലാണെങ്കില്‍ ലോക്ക്ഡൗണും, 18 ശതമാനത്തിനു മുകളിലുള്ള പ്രദേങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തി. ടി പി ആര്‍ ആറിനും 12നും ഇടക്കുള്ള 510ഉം 12നും 18നും ഇടക്കുള്ള 293ഉം 18ന് മുകളിലുള്ള 88ഉം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗബാധ കര്‍ശനമായി നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനു സാധിച്ചിരുന്നു. നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീണ്ടുപോകുകയും ജനങ്ങളുടെ ജീവിതം വഴിമുട്ടുകയും ചെയ്തതോടെ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ തുടങ്ങി ആളുകള്‍. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പൊതുപരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. സാധാരണക്കാര്‍ മാത്രമല്ല, ജനപ്രതിനിധികളുമുണ്ട് നിയമലംഘകരില്‍. ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാലം, റോഡ്, ബസ്‌സ്റ്റോപ്പ് ഉദ്ഘാടനങ്ങള്‍ തുടങ്ങി ചെറിയ തോതിലുള്ള പൊതുചടങ്ങുകള്‍ നടന്നു വരുന്നുണ്ട്. എം എല്‍ എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മറ്റും സാന്നിധ്യത്തില്‍ നടക്കുന്ന ഇത്തരം പരിപാടികളില്‍ പലയിടങ്ങളിലും കൊവിഡ് പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെടുന്നു. നിസ്സാര കാരണങ്ങളെ ചൊല്ലി വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും വന്‍തോതില്‍ പിഴ ചുമത്തുന്ന പോലീസുദ്യോഗസ്ഥന്മാര്‍ ജനപ്രതിനിധികളുടെ സാന്നിധ്യമുള്ളതിനാല്‍ ഈ പ്രോട്ടോകോള്‍ ലംഘനത്തിനു നേരേ കണ്ണടക്കുകയാണ്. മദ്യം വാങ്ങാനായി ഷാപ്പുകള്‍ക്കു മുമ്പില്‍ ആളുകള്‍ വരിനില്‍ക്കുന്നതും യാതൊരു നിയന്ത്രണവുമില്ലാതെയാണ്. സംസ്ഥാന ഖജനാവിലേക്ക് വരുമാനം കൂട്ടുന്ന കാര്യമായതു കൊണ്ടായിരിക്കാം ഇവിടെയും അധികൃതര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.
രോഗവ്യാപനത്തിന്റെ അനിയന്ത്രിതമായ പോക്ക് സംസ്ഥാനത്തെ വ്യാപാര, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരമാണ്. നാട്ടില്‍ തൊഴിലില്ല. പുറത്തു പോയി തൊഴിലെടുക്കാനുള്ള സാഹചര്യവുമില്ല. കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങള്‍ പോലും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നു. നെഗറ്റീവ് ആര്‍ ടി പി സി ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം നിരോധിച്ചു കൊണ്ട് കര്‍ണാടക സംസ്ഥാനത്തിന്റെ ഉത്തരവിറങ്ങിയിട്ടുണ്ട്. വിമാനം, ബസ്, തീവണ്ടി, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കര്‍ണാടക സന്ദര്‍ശിക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ ടി പി സി ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വെക്കണമെന്നും ഉത്തരവില്‍ പറയുന്നു. കര്‍ണാടകയില്‍ പ്രവേശിക്കുന്ന എല്ലാവരെയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളില്‍ വിന്യസിക്കാന്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷനര്‍മാരോട് നിര്‍ദേശിച്ചിട്ടുമുണ്ട് സര്‍ക്കാര്‍. കേരളത്തിലെ പ്രതിദിന രോഗവ്യാപന നിരക്ക് ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൂടായ്കയില്ല.
ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരം മുറിഞ്ഞപാലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ നിര്‍മല്‍ ചന്ദ്രന്‍ ആത്മഹത്യ ചെയ്തു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ വഴിയില്ലാത്തതിന്റെ മാനസിക പ്രയാസം മൂലമാണത്രെ ഈ അറ്റകൈ. ജീവിതം വഴിമുട്ടിയ ഓട്ടോറിക്ഷാ തൊഴിലാളി ആലുവാക്കടുത്ത് ഏലൂക്കര സ്വദേശി മനോജ് മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് അടുത്തിടെയാണ്. ഇതുപോലെ ദുരിതത്തിന്റെ വറച്ചട്ടിയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട് സംസ്ഥാനത്തെങ്ങും. പല വിദേശ രാഷ്ട്രങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പ്രവാസി മലയാളികളില്‍ ഗണ്യമായൊരു ഭാഗം തൊഴിലിടങ്ങളില്‍ എത്തിപ്പെടാനാകാതെ പ്രയാസത്തിലാണ്. ലീവില്‍ നാട്ടില്‍ വന്നവര്‍ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലും. ഇതില്‍ നിന്ന് കേരളീയ സമൂഹം കരകയറണമെങ്കില്‍ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കാണിച്ച അതേ ജാഗ്രതയും കുരതലും കാണിക്കണം. സര്‍ക്കാര്‍ ചെറിയൊരു ഇളവ് പ്രഖ്യാപിക്കുമ്പോഴേക്കും എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് പുറത്തിറങ്ങി വിഹരിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നോര്‍ക്കേണ്ടതാണ്. സാമ്പത്തിക താത്പര്യങ്ങള്‍ക്കായി മദ്യപാനികള്‍ക്ക് ഷാപ്പുകള്‍ക്കു മുമ്പില്‍ തടിച്ചു കൂടാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ നയവും തിരുത്തപ്പെടേണ്ടതാണ്. എല്ലാ തലങ്ങളിലും വേണം നിയന്ത്രണവും ജാഗ്രതയും കരുതലും.
source http://www.sirajlive.com/2021/07/03/487165.html
إرسال تعليق