തീപിടിച്ചുയരുകയാണ് വിലനിലവാരം

രാജ്യത്തെ പൗരന്മാരുടെ ദൈനംദിന ജീവിതം ദുരിതത്തിലേക്ക് നയിക്കുന്ന രീതിയില്‍ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് വഴിതുറന്ന് ഇന്ധന-പാചക വാതക വിലവര്‍ധന കുത്തനെ കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ ഇന്ധനങ്ങള്‍ക്കും പാചകവാതകത്തിനും ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുകയും ഉത്പാദന ചെലവിന്റെ മൂന്നിരട്ടിയിലേറെ വില ഈടാക്കുകയും ചെയ്യുന്ന ഏക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ലോകത്തിന്റെ സമ്പദ്ഘടനയെ തന്നെ തീരാ പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ധന-പാചക വില നിരന്തരം വര്‍ധിപ്പിച്ച് ഭരണാധികാരികള്‍ രാജ്യത്തെ പൗരന്മാരെ പകല്‍ക്കൊള്ള നടത്തുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതത്തില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ടാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഇന്ധന-പാചക വാതക വിലക്കയറ്റം 37.61 ശതമാനത്തിന് മുകളിലാണ്.

ഇന്ധന വില വര്‍ധന മൂലം കഴിഞ്ഞ മാസത്തെ ‘ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനവും ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 30 ശതമാനവുമാണ്. ഇതൊക്കെ രാജ്യത്തെ സമ്പദ് ഘടനയിലെ കൃത്യമായ കാര്യക്ഷമതയുടെ കുറവ് പ്രകടമാക്കുന്നതാണ്. രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ ഇന്ധന വിലയുടെ വര്‍ധന പിടിച്ചുനിര്‍ത്തണമെന്ന അടിസ്ഥാന തത്വം ഭരണാധികാരികള്‍ മനഃപൂര്‍വം വിസ്മരിക്കുന്നുവെന്നാണ് ഇന്ധന പാചക വാതക വിലയുടെ ക്രമാതീതമായ വര്‍ധന സൂചിപ്പിക്കുന്നത്. മാത്രമല്ല ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിക്ക് മുന്നില്‍ നിസ്സഹായാവസ്ഥയിലായിരിക്കുന്ന ജനങ്ങളെ അവഹേളിക്കുക കൂടിയാണ്.

ഇതിനിടെ നിതി ആയോഗ് പുറത്തുവിട്ട രാജ്യത്തെ ദാരിദ്ര്യക്കണക്കുകള്‍ ഏറെ കൗതുകകരമാണ്. നഗരങ്ങളില്‍ 33.3 രൂപയും ഗ്രാമങ്ങളില്‍ 27.2 രൂപയും ദിവസ വരുമാനമുള്ളവരെയെല്ലാം ദാരിദ്ര്യരേഖക്ക് മുകളിലാക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ വിപണി വിലയില്‍ ഈ തുകക്ക് ഒരു കിലോ അരി പോലും ലഭിക്കില്ല. രാജ്യത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ക്കു നേരേ ഭരണാധികാരികള്‍ മനഃപൂര്‍വം കണ്ണടക്കുകയാണ്. രണ്ട് അമേരിക്കന്‍ ഡോളറിന്റെ വാങ്ങല്‍ ശേഷിക്ക് തുല്യമായ തുകയാണ് വികസ്വര രാജ്യങ്ങളില്‍ ഒരാളുടെ ഒരു ദിവസത്തെ ചെലവായി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം ലോക ബേങ്കിന്റെ കണക്കനുസരിച്ച് പ്രതിദിന വരുമാനം ഒരു ഡോളര്‍ ഉള്ളവര്‍ പരമ ദരിദ്രരാണ്. ഈ സാഹചര്യത്തിലാണ് അര ഡോളറിനും താഴെയായി ദാരിദ്ര്യ രേഖ തീരുമാനിച്ച് രാജ്യത്തെ ഭരണാധികാരികള്‍ പൗരന്മാരെ അവഹേളിച്ചിരിക്കുന്നത്.
ലോക വ്യവസ്ഥിതിയെ പരിഹസിക്കുകയും യാഥാര്‍ഥ്യത്തിന് നേരേ കണ്ണടക്കുകയും ചെയ്യുന്ന ഈ കണക്കുകള്‍ നിരത്തിയാണ് രാജ്യത്ത് ദാരിദ്ര്യം കുറയുകയാണെന്നും 25 ശതമാനത്തിനും താഴെ മാത്രമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്നും ഭരണാധികാരികള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥ വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ നിയോഗിച്ച അര്‍ജുന്‍ സെന്‍ഗുപ്ത കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 76 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് അര്‍ജുന്‍ സെന്‍ഗുപ്ത കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സര്‍ക്കാറുകളുടെ കുത്തക പ്രീണന നയങ്ങളുടെ അനന്തരഫലമാണ് ക്രമാതീതമായ വില വര്‍ധനയിലേക്കും ദാരിദ്ര്യത്തിലേക്കും രാജ്യത്തെ നയിച്ചതെന്ന് പറയാനാകും. ഭരണാധികാരികളുടെ പിടിപ്പുകേടുകൊണ്ട് വര്‍ഷം തോറും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സമ്പദ് ഘടനക്ക് ഊര്‍ജം നല്‍കാന്‍ റിസര്‍വ് ബേങ്ക് സ്വീകരിച്ച നടപടികള്‍ക്കുശേഷവും അനിയന്ത്രിതമായി തുടരുന്ന രൂപയുടെ മൂല്യശോഷണം, വ്യാപാര ശിഷ്ടക്കണക്കില്‍ പ്രകടമാകുന്ന വന്‍ ഇടിവ്, കറന്റ് അക്കൗണ്ട് കമ്മി, തുടര്‍ന്ന് കരുതല്‍ സ്വര്‍ണശേഖരം തന്നെ പണയപ്പെടുത്തുന്ന അറ്റകൈ പ്രയോഗത്തെക്കുറിച്ചുള്ള ആലോചന ഇതെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതീവ ഗുരുതരമായി തുടരുന്നുവെന്നാണ്.

രാജ്യത്തിന്റെ സമ്പദ് ഘടനയെ സഫോടനാത്മകമായി ബാധിക്കുന്ന രീതിയില്‍ പണപ്പെരുപ്പം മാറുന്നുവെന്ന യാഥാര്‍ഥ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറാകാത്ത ഭരണ കൂടം വില വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കുന്ന അതേ നയങ്ങള്‍ കൂടുതല്‍ വിശാലമായി, ഉദാരമായി തുടരാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വിദേശമൂലധനം (എഫ് ഡി ഐ) കൂടുതല്‍ ആകര്‍ഷിക്കാനായി തന്ത്രപ്രധാന മേഖലകളില്‍ ഉള്‍പ്പെടെ 100 ശതമാനം നിക്ഷേപ സാധ്യതകള്‍ തുറന്നു കൊടുത്തിരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് വ്യക്തമാണ്.

വിദേശനാണയ കരുതല്‍ നിക്ഷേപത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ തനി സ്വരൂപം വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനോ ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് തടയാനോ ഫലപ്രദമായി ഒരു നീക്കവും നടത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇതുമൂലം കറന്റ് അക്കൗണ്ട് കമ്മിയായും രൂപയുടെ മൂല്യത്തകര്‍ച്ചയായും ഇത് സമ്പദ്ഘടനയില്‍ പ്രതിഫലിക്കുകയാണ്. രാജ്യം അനുദിനം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും രാജ്യത്തെ കുത്തക മുതലാളിമാര്‍ ആഗോള കമ്പോളത്തിലെ സമ്പന്നരുമായി മത്സരക്ഷമത നേടിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല.
രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലനിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞ് വരുമാനം വര്‍ധിപ്പിക്കുക, നിലവില്‍ വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കുക, സബ്‌സിഡികള്‍ നിര്‍ത്തലാക്കുക, വിദേശനാണ്യം ആകര്‍ഷിക്കാന്‍ ചില്ലറ വ്യാപാരമേഖല, കാര്‍ഷിക- സേവന മേഖലകളെല്ലാം നിരുപാധികം തുറന്നിടുക തുടങ്ങിയ മാര്‍ഗങ്ങളാണ് രാജ്യത്തെ കുത്തകകളെ സഹായിക്കാന്‍ ഭരണാധികാരികള്‍ അവലംബിച്ച മാര്‍ഗം. എന്നാല്‍ ഇതിന്റെ പരിണത ഫലമായി രൂപപ്പെട്ട പ്രത്യാഘാതം രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നടുവൊടിച്ചിരിക്കുകയാണ്. കൈപ്പിടിയിലൊതുങ്ങാതെ കുതികൊള്ളുന്ന വിലക്കയറ്റവും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യ നിരക്കുകളും ജനങ്ങളുടെ ക്രയശേഷി കുറയുന്നതിനൊപ്പം ശുഷ്‌കിച്ചുകൊണ്ടേയിരിക്കുന്ന കമ്പോളവും ആഭ്യന്തര ഉത്പാദന രംഗത്തെ വന്‍ തകര്‍ച്ചയും ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. രാജ്യത്തിന്റെ സാമ്പദ്ഘടനയുടെ മുന്നേറ്റത്തിനിടയാക്കുന്ന ആഭ്യന്തര ഉത്പാദനത്തെയും പൊതുവിതരണത്തെയും ശക്തിപ്പെടുത്തുന്ന നയങ്ങള്‍ ഉപേക്ഷിച്ചാണ് കുത്തകകളുടെ താത്പര്യ സംരക്ഷണത്തിന് ഭരണാധികാരികള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

രാജ്യത്തെ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഏത് പ്രതിസന്ധിയും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന അടിസ്ഥാന തത്വം അംഗീകരിക്കാതെയാണ് ഭരണാധികാരികളുടെ നയനിലപാടുകള്‍. ഇന്ധന വിലവര്‍ധന വിലനിലവാരത്തില്‍ ശൃംഖലാപ്രവര്‍ത്തനമാണ് സൃഷ്ടിക്കുന്നതെന്നിരിക്കെ ക്രമാതീതമായ ഇന്ധന-പാചകവാതക വില വര്‍ധന പൊതുജീവിതത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം ലോറി ഉടമകളുടെ സംഘടന ചരക്കുകടത്തുകൂലി 16 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കും. ഒപ്പം ബജറ്റിലും അത്യാവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ കടത്തുകൂലി വര്‍ധന വരും. ഒപ്പം ഡീസല്‍ വില മാസംതോറും വര്‍ധിപ്പിക്കുമ്പോള്‍ കടത്തു കൂലിയും അപ്രഖ്യാപിതമായി ഉയരും. 2010 ജൂണില്‍ പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിഞ്ഞ് എണ്ണക്കമ്പനികള്‍ക്ക് യഥേഷ്ടം വിലവര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കിയ ശേഷം ഇന്ധന വില വര്‍ധനയിലുണ്ടായ കുതിപ്പ് ഉത്പാദന രംഗത്തും വിതരണ രംഗത്തും ഒന്നൊഴിയാതെ പ്രതിഫലിച്ചിട്ടുണ്ട്.

ക്രമാതീതമായ ഇന്ധന വിലവര്‍ധന രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും അന്തര്‍ദേശീയ മാര്‍ക്കറ്റിലെ വിലവര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമൊക്കെയാണ് പേരിന് വിശദീകരണമായി ഉന്നയിക്കാറുള്ളതെങ്കിലും അടിസ്ഥാന വിലയെ പലമടങ്ങ് മറികടന്ന കസ്റ്റംസ് തീരുവ ഉള്‍പ്പെടെയുള്ള നികുതി ഭാരം വന്ന് പതിക്കുന്നത് പൊതുജനത്തിന്റെ മുതുകിലാണ്. അതേസമയം അന്തര്‍ദേശീയ വിലവര്‍ധനവിന് ആനുപാതികമായ വിലവര്‍ധനവല്ല രാജ്യത്ത് നടപ്പാക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം രാജ്യത്ത് ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 40 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുവെന്ന വസ്തുതയും മറച്ചുവെക്കുകയാണ്. എന്നാല്‍ ഇതിനും ഈടാക്കുന്നത് അന്താരാഷ്ട്ര വില തന്നെയാണ്. അന്താരാഷ്ട്ര വിലയിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി മൊത്തം ഉപയോഗിക്കുന്ന പെട്രോളിന്റെ വില വര്‍ധിപ്പിക്കുക വഴി രാജ്യത്തെ പൗരന്മാരെ കബളിപ്പിക്കുക കൂടിയാണ് എണ്ണക്കമ്പനികളും ഭരണാധികാരികളും കൂടി ചെയ്യുന്നത്. ഇതുവഴി ശുദ്ധീകരിച്ച പെട്രോള്‍ കയറ്റുമതി ചെയ്ത് കുത്തകകള്‍ ഉണ്ടാക്കുന്ന ലാഭത്തെ കുറിച്ച് ആര്‍ക്കും പരാതിയില്ല. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ 40 ശതമാനത്തോളമാണ് ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്നത്! ഡീസല്‍, മണ്ണെണ്ണ, ജെറ്റ് ഫ്യൂവല്‍, എല്‍ പി ജി ഗ്യാസ്, പാരഫിന്‍ വാക്‌സ്, കോള്‍ ടാര്‍ തുടങ്ങി 6,000ത്തിലധികം മറ്റ് ഉത്പന്നങ്ങള്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പെട്രോള്‍ ആക്കുമ്പോള്‍ ലഭിക്കുന്നു. ഇതെല്ലാം ഉയര്‍ന്ന വിലക്കുതന്നെ വിറ്റ് ലാഭമുണ്ടാക്കുന്നുണ്ട് എണ്ണക്കമ്പനികള്‍. കുത്തകകളുടെ ഈ വെട്ടിപ്പിന് കുടപിടിക്കുക കൂടിയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്.

നേരത്തേ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പൂര്‍ണമായും എടുത്തുകളഞ്ഞ ശേഷമാണ് കേന്ദ്ര സര്‍ക്കാറും എണ്ണക്കമ്പനികളും ചേര്‍ന്ന് പകല്‍ക്കൊള്ള തുടരുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നതിനിടെയാണ് രാജ്യത്തെ അടുക്കളകള്‍ക്ക് തീകൊളുത്തി പാചക വാതക വില വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 14.2 കിലോഗ്രാം സിലിന്‍ഡറിന് 240 രൂപ വരെ വില ഉയര്‍ന്നിരുന്നു. രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ നിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരിക്കുന്ന സമയത്താണ് എല്‍ പി ജി വില വര്‍ധനയെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനക്ക് കാരണമാകുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 2020 ഡിസംബറിന് ശേഷം 240 രൂപയുടെ വര്‍ധനയാണ് ഗാര്‍ഹിക ഉപയോഗ പാചക വാതകത്തിന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനു ശേഷം ഗാര്‍ഹിക സിലിന്‍ഡറുകളുടെ സബ്‌സിഡി സംബന്ധിച്ചും എണ്ണക്കമ്പനികള്‍ മൗനം പാലിക്കുകയാണ്. നേരത്തേ ആധാര്‍ ബേങ്കുകളില്‍ ലിങ്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്തിയ കേന്ദ്ര സര്‍ക്കാറും എണ്ണക്കമ്പനികളും പിന്നീട് കൊവിഡ് വ്യാപനത്തിന്റെ മറവില്‍ തന്ത്രപരമായി സബ്‌സിഡി പൂര്‍ണമായും പിന്‍വലിക്കുകയായിരുന്നു.



source http://www.sirajlive.com/2021/07/03/487167.html

Post a Comment

Previous Post Next Post