പാര്‍ട്ടി പിളര്‍ന്നാല്‍ മന്ത്രി സ്ഥാനം തിരിച്ചെടുക്കുമെന്ന് സി പി എം പറഞ്ഞു: അബ്ദുല്‍ വഹാബ്

കോഴിക്കോട് | പാര്‍ട്ടി പിളര്‍ന്നാല്‍ മന്ത്രി സ്ഥാനം തിരിച്ചെടുക്കുമെന്ന് സി പി എം നേതൃത്വം അറിയിച്ചിരുന്നുവെന്ന് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അറിയിച്ചു. ഐ എന്‍ എല്‍ ഒരു ഇടതുപക്ഷ സംഘടനയാണ്. ഒരു എല്‍ ഡി എഫ് ഘടകകക്ഷി എന്ന നിലയില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഐ എന്‍ എല്ലിനുണ്ട്. ഇത് നിറവേറ്റിയില്ലെങ്കില്‍ സി പി എമ്മിന് തീരുമാനം എടുക്കാവുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ഏത് പക്ഷത്താണുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിലപാട് അറിയിക്കണമെന്നും പ്രൊഫ. എ കെ അബ്ദ്ുല്‍ വഹാബ് അറിയിച്ചു.

അതിനിടെ തനിക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ തന്നെ സ്ഥിരീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജീവകാരുണ്യ സംഘടനയായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താനെന്ന് ഒരു മാധ്യമത്തോട് പ്രതികരിക്കവെ മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. മറ്റ് ജീവകാണ്യ സംഘടനകളുമായും താന്‍ സഹകരിക്കാറുണ്ട്. എന്നാല്‍ തന്റെ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ ഖാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പമാണ് മുഹമ്മദ് സുലൈമാന്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് അബ്ദുല്‍ വഹാബിനെ പുറത്താക്കിയതെന്നും പുതിയ സംസ്ഥാന പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും മുഹമ്മദ് സുലൈമാന്‍ അറിയിച്ചു.



source http://www.sirajlive.com/2021/07/27/490879.html

Post a Comment

أحدث أقدم