കൊവിഡ് വ്യാപനം: കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടകയും തമിഴ്‌നാടും

ബെംഗളുരു/ കോയമ്പത്തൂര്‍| കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകയും തമിഴ്‌നാടും. വാക്‌സീന്‍ എടുത്തവര്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണെന്ന് കര്‍ണാടക അധികൃതര്‍ വ്യക്തമാക്കി. പരിശോധനക്കായി കേരളാ അതിര്‍ത്തിയില്‍ കര്‍ണാടക കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബെംഗ്ലൂരു റെയില്‍വേ സ്റ്റേഷനില്‍ അടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് ഇവിടെ പരിശോധനക്ക് താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലേക്ക് എത്തിച്ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ദുരിതത്തിലാണ്. അതിനിടെ കാസര്‍ക്കോട്ടേക്കുള്ള ബസ് സര്‍വ്വീസ് ദക്ഷിണകന്നട നിര്‍ത്തിവച്ചതും യാത്രക്കാരെ വലച്ചു.

അതേ സമയം കേരളത്തില്‍നിന്നുള്ളവര്‍ക്ക് തമിഴ്‌നാടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.

കേരളത്തിലെ കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു വാളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും കര്‍ശന പരിശോധന ഉണ്ടാകും. പരിശോധനാ ഫലമോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവര്‍ ചെക്പോസ്റ്റില്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണം.കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് സഞ്ചരിക്കുമ്പോള്‍ കോയമ്പത്തൂരിലേയും നീലഗിരിയിലേയും അതിര്‍ത്തിയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളു. മറ്റിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ തമിഴ്നാട് ഇ-പാസ് മാത്രം കയ്യില്‍ കരുതിയാല്‍ മതി.



source http://www.sirajlive.com/2021/08/01/491656.html

Post a Comment

أحدث أقدم