ട്രൂകോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന്; കേന്ദ്രത്തിനും മഹാരാഷ്ട്രക്കും ബോംബേ ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ | മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റീസ് ദിപാന്‍കര്‍ ദത്ത, ജസ്റ്റീസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ബെഞ്ചാണു ശശാങ്ക് പോസ്തുറെ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചു നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്.

ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു മറ്റു ചില പങ്കാളികള്‍ക്കു നല്‍കുകയും ഉത്തരവാദിത്തം ഉപയോക്താവിന് മേല്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു എന്നാണു ഹരജിയിലെ പ്രധാന ആരോപണം. ഉപയോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളര്‍ യുപിഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) സേവനവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും ഹരജിയിലുണ്ട്.
നിരവധി വായ്പാദാതാക്കള്‍ ട്രൂകോളര്‍ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. നോട്ടീസിന് മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണു കോടതി കേന്ദ്രത്തോടും മഹാരാഷ്ട്രയോടും മറ്റ് കക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.



source http://www.sirajlive.com/2021/07/08/487808.html

Post a Comment

أحدث أقدم