
ധരിക്കേണ്ട വസ്ത്രമെന്ത്, കഴിക്കേണ്ട ഭക്ഷണമെന്ത്, പറയേണ്ട അഭിപ്രായമെന്ത് എന്നൊക്കെ ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതി. അത് ലംഘിക്കാന്‍ മുതിരുന്നവരെ അല്ലെങ്കില്‍ ലംഘിക്കാനിടയുണ്ടെന്ന് അവര്‍ കരുതുന്നവരെ അടിച്ചൊതുക്കാന്‍ നിയമവിരുദ്ധമായ ആള്‍ക്കൂട്ടങ്ങളെ അഴിച്ചുവിടുന്ന അവസ്ഥ. അത്തരം ആള്‍ക്കൂട്ടങ്ങള്‍ വിധിക്കുന്ന “ശിക്ഷ’ “രാജ്യസ്‌നേഹ’ത്താല്‍ ന്യായീകരിക്കപ്പെടുകയോ നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടവരുടെ മൗനം കൊണ്ട് പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്ന കാലം. രാജ്യദ്രോഹികളെന്ന് ഭരണകൂടം മുദ്രകുത്തിയവരെ, മനുഷ്യവിരുദ്ധമായ നിയമങ്ങളുടെ പിന്‍ബലമുപയോഗിച്ച് അധികാരത്തിന്റെ ഏജന്‍സികള്‍ വേട്ടയാടുന്ന ദിനങ്ങള്‍. അവരിലൊരാള്‍, എണ്‍പത്തിനാലാം വയസ്സില്‍ തടവില്‍, പീഡനങ്ങളേറ്റുവാങ്ങി മരിക്കുമ്പോള്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച അര്‍ഹമായ പ്രതിഫലമെന്ന് പ്രചരിപ്പിക്കാന്‍ ലജ്ജ തോന്നാതിരിക്കുന്ന സംഘക്കൂട്ടം. ഒരു മഹാമാരിയും അത് നിയന്ത്രിക്കാനേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും ജനത്തെ തടവിലാക്കിയപ്പോള്‍ അതുമൊരവസരമായിക്കണ്ട് സ്വേച്ഛ നടപ്പാക്കുന്ന അധികാരികള്‍.
അവര്‍, അവരുടെ അജന്‍ഡയിലെ അടുത്ത ഇനം പ്രയോഗിക്കാന്‍ തുടങ്ങുകയാണ്. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന കരട് നിര്‍ദേശം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ടുവെക്കുമ്പോള്‍ അതിനെന്ത് നിയമപരമായ പിന്‍ബലമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. രാജ്യത്തൊരിടത്ത് മാത്രം ഇതെങ്ങനെ നടപ്പാക്കാനാകുമെന്ന് അത്ഭുതം കൂറിയവരുമേറെ. 2019-20ല്‍ ദേശീയ ആരോഗ്യ-കുടുംബ സര്‍വേയിലെ കണക്ക് പ്രകാരം രാജ്യത്തെ പ്രത്യുത്പാദന ശരാശരി 2.2ഉം ലക്ഷദ്വീപിലേത് ഒന്ന് ദശാംശം നാലുമാണ്. ശരാശരി പ്രത്യുത്പാദനം കുറഞ്ഞിരിക്കുന്ന ഒരു പ്രദേശത്ത് ജനസംഖ്യാ നിയന്ത്രണത്തിന് എന്തിന് പുതിയ നിര്‍ദേശങ്ങളെന്ന് ചോദിച്ചവരുമുണ്ട്. അതിന് പിറകെയാണ്, അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടുള്ള നിയമം കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ ബില്ലിന്റെ കരടനുസരിച്ച് രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയോ ഇതര സര്‍ക്കാര്‍ അനുകൂല്യങ്ങളോ ലഭിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. അസാമിലും സമാനമായ നിയമ നിര്‍മാണത്തിന് ശ്രമം നടക്കുന്നു. കേരളത്തിനൊപ്പം നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടാമതും അധികാരത്തിലെത്തിയ ബി ജെ പി ഈ മാസമാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രചാരണം കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ തന്നെ ആരംഭിച്ചതാണ്. “നാം രണ്ട് നമുക്ക് രണ്ട്’ മുദ്രാവാക്യങ്ങള്‍ അക്കാലത്തെ സൃഷ്ടിയാണ്. അതടിച്ചേല്‍പ്പിക്കാനുള്ള ശ്രമമുണ്ടായത് അടിയന്തരാവസ്ഥക്കാലത്താണ്. സഞ്ജയ് ഗാന്ധിയുടെ മുന്‍കൈയില്‍ അരങ്ങേറിയ നിര്‍ബന്ധിത വന്ധ്യംകരണം വലിയ വിമര്‍ശത്തിന് കാരണമായി. അടിയന്തരാവസ്ഥക്ക് ശേഷം പിന്നീടൊരിക്കലും അത്തരം നിര്‍ബന്ധങ്ങള്‍ക്ക് നമ്മുടെ ഭരണസംവിധാനം മുതിര്‍ന്നിരുന്നില്ല. ഇപ്പോള്‍ നിര്‍ബന്ധിത വന്ധ്യംകരണം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സംഘ്പരിവാര്‍ നിയന്ത്രിത ഭരണകൂടങ്ങള്‍. ബി ജെ പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇത്തരം നിയമ നിര്‍മാണങ്ങളിലേക്ക് കടക്കുന്നതോടെ രാജ്യത്താകെ ബാധകമായ നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറും തയ്യാറായേക്കും.
ചെറിയ കുടുംബം മതിയെന്ന് തീരുമാനിക്കുന്നവര്‍ രാജ്യത്തിന്റെ വികസനത്തിലേക്ക് കൂടിയാണ് സംഭാവന നല്‍കുന്നത് എന്നും ആ തീരുമാനവുമൊരു രാജ്യസ്‌നേഹത്തിന്റെ പ്രകടനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത് സ്വാതന്ത്ര്യദിന ഭാഷണത്തിലാണ്. ജനസംഖ്യാ വര്‍ധനവൊരു വലിയ പ്രശ്‌നമാണെന്നും അത് പരിഹരിക്കാന്‍ പാകത്തിലൊരു നയം അനിവാര്യമാണെന്നും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലക് അഭിപ്രായപ്പെട്ടത് കഴിഞ്ഞ ജനുവരിയിലാണ്. ഒരു കുടുംബത്തില്‍ എത്ര കുഞ്ഞുങ്ങളാകാമെന്നതിലൊരു നയം വേണം. അതിനെന്ത് ചെയ്യണമെന്ന് പറയാന്‍ താനാളല്ല. പക്ഷേ, അത്തരത്തിലൊരു നയം രാജ്യത്തുണ്ടാകണമെന്നാണ് മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടത്. ഇതിന് പിറകെയാണ് ബി ജെ പിയുടെ രണ്ട് എം പിമാര്‍, ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ, രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കിയ ഇച്ഛാശക്തിയുള്ള ഈ സര്‍ക്കാറിന് അതിനും സാധിക്കുമെന്നായിരുന്നു അവരുടെ വാദം. ശൂന്യവേളയിലെ ചര്‍ച്ചയില്‍ പ്രകടിപ്പിക്കപ്പെട്ട ഈ അഭിപ്രായത്തോട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയും സര്‍ സംഘചാലകും പറഞ്ഞ കാര്യങ്ങളും അസാമിലെയും ഉത്തര്‍ പ്രദേശിലെയും സര്‍ക്കാറുകള്‍ നിയമ നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നതും പരിഗണിച്ചാല്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെയാണെന്ന് കരുതണം. ജനസംഖ്യാ നിയന്ത്രണത്തിനുള്ള സ്വകാര്യ ബില്‍, ബി ജെ പി. എം പി നേരത്തേ തന്നെ രാജ്യസഭയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.
കൊവിഡിന്റെ വ്യാപനം ഒരുപക്ഷേ, ഇതിനും മറയായി ഉപയോഗിക്കപ്പെട്ടേക്കാം. കൂടുതല്‍ പേര്‍ രോഗബാധിതരായതും രാജ്യത്തെ ചികിത്സാ സൗകര്യങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ രോഗികളുണ്ടായതും ഓക്‌സിസന്‍ ലഭിക്കാതെ ആളുകള്‍ മരിച്ചതുമൊക്കെ മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ വേണ്ട മുന്നൊരുക്കം ഭരണകൂടം ചെയ്യാത്തതുകൊണ്ടാണെങ്കിലും അത് ജനസംഖ്യാ പെരുപ്പത്തിന്റെ കൂടി ഫലമായി സംഭവിച്ചതാണെന്ന വ്യാഖ്യാനം വൈകാതെ വന്നേക്കാം. പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് വലിയ വിലയൊന്നും കല്‍പ്പിക്കാത്ത ഭരണകൂടം, ആ വഴിക്ക് ചിന്തിക്കുന്നതില്‍ അത്ഭുതമില്ല. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നുവരാതിരിക്കുക എന്ന ഉദ്ദേശ്യത്തിലാണ്, രണ്ട് കുഞ്ഞുങ്ങളിലധികമുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അവകാശങ്ങള്‍ നിഷേധിക്കുക എന്ന വളഞ്ഞവഴി തേടുന്നത്. കുഞ്ഞുങ്ങളെത്ര വേണമെന്ന് തീരുമാനിക്കാനുള്ള ദമ്പതികളുടെ അവകാശത്തില്‍ ഭരണകൂടം ഇടപെടുന്നില്ലെന്ന് വരുത്തിക്കൊണ്ട്, നിര്‍ബന്ധിത വന്ധ്യംകരണത്തിന് വഴിയൊരുക്കുക എന്ന തന്ത്രം.
മനുഷ്യാവകാശ പ്രശ്‌നമെന്നതിനപ്പുറത്ത്, ഇതിലൊരു വര്‍ഗീയ അജന്‍ഡ കൂടി സംഘ്പരിവാരത്തിനുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ, വിശിഷ്യാ മുസ്‌ലിംകളുടെ കുടുംബത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളെന്നും അവരാണ് ജനസംഖ്യാ പെരുപ്പമുണ്ടാക്കുന്നതെന്നും അതുവഴി രാജ്യത്തെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നുമുള്ള സംഘടിതമായ പ്രചാരണം ഇവിടെ നേരത്തേ തന്നെയുണ്ട്. ജനസംഖ്യാ കണക്കെടുപ്പിലെ വിവരങ്ങളനുസരിച്ച് മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 1971ല്‍ നിന്ന് 2011ലേക്ക് എത്തുമ്പോള്‍ കുറയുകയാണ് ചെയ്തത്. 30.9 ശതമാനത്തില്‍ നിന്ന് 24.6 ശതമാനത്തിലേക്ക്. വസ്തുതകളെ തള്ളി വ്യാജം പ്രചരിപ്പിക്കുക എന്നതില്‍ മാത്രം കേന്ദ്രീകരിക്കുന്ന സംഘ്പരിവാരം, യു പിയിലെയും അസാമിലെയും ലക്ഷദ്വീപിലെയും ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങളെ എതിര്‍ക്കുന്നത് ന്യൂനപക്ഷമാണെന്ന സംഘഗാനത്തിലേക്ക് വൈകാതെ കടക്കും. ചെറിയ കുടുംബമെന്നത് രാജ്യസ്‌നേഹത്തിന്റെ പ്രകടനമാണെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞുവെച്ചതിനാല്‍ രാജ്യദ്രോഹികളെ നിര്‍ണയിക്കാന്‍ പ്രയാസവുമുണ്ടാകില്ല.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കാനുള്ള വര്‍ഗീയ ആയുധമായി ഈ ബില്ല് മാറാന്‍ സാധ്യത ഏറെയാണ്. ഭരണകൂടത്തിന്റെ ഹിതം അനുസരിക്കാത്തവര്‍ മാത്രമല്ല, അനുസരിക്കാനിടയില്ലെന്ന് അവര്‍ക്ക് തോന്നുന്നവരും രാജ്യദ്രോഹികളാണല്ലോ!
source http://www.sirajlive.com/2021/07/12/488487.html
إرسال تعليق