വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

വണ്ടിപ്പെരിയാര്‍ | വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം മറ്റന്നാള്‍ സമര്‍പ്പിക്കും. പ്രതി അര്‍ജുനെതിരെ ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 36 സാക്ഷികളുടേയും 150 ല്‍ അധികം പേരുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നത്. പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.

ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി കൊല്ലപ്പെട്ടത്. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെണ്‍കുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അര്‍ജുന്റെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.



source http://www.sirajlive.com/2021/08/08/492634.html

Post a Comment

Previous Post Next Post