തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം | സ്വര്‍ണക്കടത്തിലെ പ്രതികള്‍ ഉന്നയിച്ച ഡോളര്‍കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങുകയായിരുന്നു. ബാനറുമായി എത്തിയായിരുന്നു പ്രതിഷേധം.

ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്നും പല സുപ്രധാന വിഷയങ്ങളിലും മന്ത്രിമാര്‍ക്ക് മറുപടി പറയാനുണ്ടെന്നും സ്പീക്കര്‍ എം ബി രാജേഷ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഇത് സംബന്ധിച്ച വിഷയം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും പുതുതായി ഒന്നും പ്രതികരിക്കാനില്ലെന്നും കേസ് കോടതി പരിഗണനയിലുള്ളതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത് അവഗണിച്ച പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇന്നലെയും സഭ ബഹിഷ്‌ക്കരിച്ച ഇവര്‍ നിയമസഭക്ക് പുറത്ത് സമാന്തര സഭ സമ്മേളിച്ചിരുന്നു.

നേരത്തെ സഭാ സമ്മേളനം ആരംഭിക്കുന്നതിന്് മുമ്പ് ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സഭാ പരിസരത്ത് നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ പങ്കെടുത്തു. അതിനിടെ ധനാഭ്യര്‍ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.

 



source http://www.sirajlive.com/2021/08/13/493388.html

Post a Comment

Previous Post Next Post