ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം 1990 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിച്ചു വരികയാണ്. മുലയൂട്ടുന്നതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക, കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് വാരാചരണത്തിന്റെ ലക്ഷ്യം. ലോക കൂട്ടായ്മയായ ദി വേള്‍ഡ് അലയന്‍സ് ഫോര്‍ ബ്രെസ്റ്റ് ഫീഡിങ് ആക്ഷന്‍, ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നിവയാണ് ലോകമെമ്പാടുമുള്ള വിവിധ രാഷ്ട്രങ്ങളെ ഏകോപിപ്പിച്ച് മുലയൂട്ടല്‍ വാരാചരണത്തിന് നേതൃത്വം നല്‍കുന്നത്. ‘പരിരക്ഷിത മുലയൂട്ടല്‍: ഒരു പങ്കാളിത്ത ഉത്തരവാദിത്തം’ എന്നതാണ് 2021-ലെ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ സന്ദേശം.
മുലയൂട്ടല്‍ ഓരോ കുഞ്ഞിനും ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ആദ്യ പടിയാണ്. പ്രകൃതി നല്‍കുന്ന ഒരു സമ്പൂര്‍ണ ആഹാരമാണ് അമ്മയുടെ മുലപ്പാല്‍. പ്രസവ ശേഷം അര മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ മുലയൂട്ടി തുടങ്ങണം. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാല്‍ ) രോഗ പ്രതിരോധ ശേഷിയുള്ളതാണ്. മുലയൂട്ടുന്നതിലൂടെ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യവും, പോഷകപരവും വൈകാരികപരവുമായ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഇതൊരു സ്വാഭാവിക പ്രക്രിയയാണെങ്കിലും അമ്മമാര്‍ക്ക് മുലയൂട്ടല്‍ തുടങ്ങുന്ന സമയത്തും അത് നിലനിര്‍ത്തുന്നതിനും വിദഗ്ധരുടെ ഉപദേശം ആവശ്യമാണ്. ഇന്ത്യയില്‍ എല്ലാ അമ്മമാരും ശരിയായ രീതിയില്‍ കൃത്യമായി കുഞ്ഞുങ്ങളെ മുലയൂട്ടിയാല്‍ ഓരോ വര്‍ഷവും രണ്ടര ലക്ഷം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തില്‍ മുലപ്പാല്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. കുട്ടിയുടെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും ബുദ്ധിവികാസത്തിനും മുലപ്പാല്‍ ഉത്തമമാണ്. കുഞ്ഞിനാവശ്യമായ ധാതുക്കള്‍, ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, രോഗപ്രതിരോധ ശക്തി പ്രദാനം ചെയ്യുന്ന ഇമ്യൂണോ ഗ്ലോബിനുകളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ നവജാത ശിശുക്കള്‍ക്കും നിര്‍ബന്ധമായും അമ്മയുടെ ആദ്യത്തെ കൊഴുത്ത പാല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ആദ്യ ആറുമാസക്കാലം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് നല്ലത്. പ്രസവ ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂറില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടത് വളരെ പ്രധാനമാണ്. സിസേറിയനിലൂടെ ജനിച്ച കുട്ടിയ്ക്ക് നാലു മണിക്കൂറിനുള്ളിലും മുലപ്പാല്‍ നല്‍കിത്തുടങ്ങേണ്ടതുണ്ട്.
മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയെ അപേക്ഷിച്ച് മൃഗങ്ങളുടെ പാല്‍ കുടിക്കുന്ന കുട്ടിക്ക് ശ്വാസകോശ രോഗങ്ങള്‍ വരാന്‍ പതിനാലിരട്ടി സാധ്യതയുണ്ടെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ലിനോളിക് ആസിഡ് മുലപ്പാലിലാണ് ധാരാളമായി അടങ്ങിയിരിക്കുന്നത്. ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കിയ ശേഷം നന്നായി വേവിച്ച ചോറ്, പച്ചക്കറികള്‍, റാഗി, പരിപ്പ്, ഇഡ്ഡലി, പഴങ്ങള്‍ എന്നിവയെല്ലാം കൊടുക്കാവുന്നതാണ്. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിച്ചുവച്ച് കുഞ്ഞുങ്ങള്‍ക്കു നല്‍കാവുന്നതാണ്.
സാധാരണ മുറികളിലെ ഊഷ്മാവില്‍ എട്ടു മണിക്കൂറും ഫ്രിഡ്ജില്‍ 24 മണിക്കൂറും 20 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്നു മാസവും പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒന്നര വയസ് വരെയുള്ള മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മുലയൂട്ടല്‍ അമ്മയ്ക്കും ഗുണകരമാണ്. അമ്മയ്ക്ക് ഉണ്ടാകുന്ന പ്രസവാനന്തര വിഷാദ രോഗസാധ്യത, സ്തനാര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ കുറയ്ക്കാന്‍ മുലയൂട്ടലിലൂടെ സാധിക്കും. ഗര്‍ഭാശയം ശരിയായ രീതിയില്‍ ചുരുങ്ങുന്നതിനും മുലയൂട്ടല്‍ സഹായിക്കും.
ചില സാഹചര്യങ്ങളില്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാത്ത അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്കായാണ് ‘മുലപ്പാല്‍ ബേങ്കുകള്‍’. ഇന്ത്യയില്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുലപ്പാല്‍ ബേങ്ക് എന്ന ആശയം നിലവില്‍ വന്നത്. കേരളത്തിലെ ആദ്യ മുലപ്പാല്‍ ബേങ്കായ ‘നെക്ടര്‍ ഓഫ് ലൈഫ്’ എന്ന പദ്ധതി ലോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 2021 ന് എറണാകുളം ജനറല്‍ ആശുപത്രിയിലും തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും യാഥാര്‍ഥ്യമായി. അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിച്ച് കേടുകൂടാതെ സൂക്ഷിച്ച് ആവശ്യമുള്ള നവജാത ശിശുക്കള്‍ക്ക് നല്‍കുകയാണ് മുലപ്പാല്‍ ബേങ്കിന്റെ ലക്ഷ്യം.
source http://www.sirajlive.com/2021/08/02/491836.html
Post a Comment