പ്രസ്ഥാനങ്ങളുടെ ലക്ഷ്യം ജനസേവനമാകണം: കാന്തപുരം

കൽപ്പറ്റ | സമൂഹത്തിന്റെ നന്മയും പുരോഗതിയുമായിരിക്കണം പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സാന്ത്വന സേവന പ്രവർത്തനങ്ങൾക്കായി കൽപ്പറ്റയിൽ നിർമാണമാരഭിക്കുന്ന താജുൽ ഉലമ ടവറിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമുസ്‌ലിംജമാഅത്തും അനുബന്ധ സംഘടനകളും നടത്തുന്ന ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളുടെ ജില്ലയിലെ ആസ്ഥാനമായിരിക്കും കൽപ്പറ്റയിൽ നിർമിക്കുന്ന ടവർ.

മുസ്‌ലിം ജമാഅത്തും മർകസും ഈ രംഗത്ത് കൂടുതൽ സഹകാരികളെ തേടുകയാണെന്ന് കാന്തപുരം പറഞ്ഞു. പുത്തുമലയിലെ ഹർഷം പദ്ധതിയിലേക്ക് മർകസ് നൽകാമെന്നേറ്റ കുടിവെളള പദ്ധതി പൂർത്തിയായി. കേരള മുസ്‌ലിം ജമാഅത്ത് പുത്തുമലയിൽ മാത്രം 13 വീടുകൾ നിർമിക്കുന്നു. അതിൽ ഹർഷം പദ്ധതിയിൽ ആദ്യം പൂർത്തിയായത് മുസ്‌ലിം ജമാഅത്തിൻ്റെ വീടുകളാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു: കാന്തപുരം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മൗലവി ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ് ശറഫുദ്ദിൻ പ്രസംഗിച്ചു.



source http://www.sirajlive.com/2021/08/11/493110.html

Post a Comment

Previous Post Next Post