കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍; കണക്കെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി | കുട്ടികളുടെ വാക്‌സിനേഷന്‍ നടപടികള്‍ തിടുക്കത്തില്‍ ആരംഭിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. 18 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും വാക്‌സിനേഷന്‍ നടപടികള്‍ പൂർത്തിയാക്കിയ ശേഷം കുട്ടികളില്‍ വാക്‌സിനേഷന്‍ തുടങ്ങിയാല്‍ മതിയെന്നാണ് തീരുമാനം. ഇതനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ചില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. ഇതിനായി കുട്ടികളുടെ കണക്കെടുപ്പ് ആരംഭിച്ചു.

45 വയസ്സിനിടെ 14 ശതമാനം പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം കുറവായതിനാല്‍ രോഗവ്യാപനം കൂടിയ 18 വയസ്സിന് മുകളിലുള്ള വിഭാഗത്തിന് തന്നെ ഈ സമയത്ത് മുന്‍ഗനണ നല്‍കുകയെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കുട്ടികളില്‍ വാക്‌സിനേഷന്‍ വൈകുന്നത് സ്‌കൂള്‍ തുറക്കുന്നതിനെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അധ്യാപകര്‍ പൂര്‍ണമായും വാക്‌സിനെടുത്തെന്ന് ഉറപ്പാക്കിയാല്‍ സ്‌കൂളുകള്‍ തുറക്കാനാകും.

2021 ഡിസംബറോടെ കുട്ടികള്‍ക്കുള്ള രണ്ട് വാക്‌സിനുകള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് അറിയുന്നത്. ഈ വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്.



source https://www.sirajlive.com/covid-vaccination-for-children-in-march-next-year-the-census-began.html

Post a Comment

Previous Post Next Post