ന്യൂഡല്‍ഹി | കേസുകളില്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസിന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കി സുപ്രീം കോടതി. നിങ്ങള്‍ക്ക് കഴിയുമെന്നതിനാലോ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുകൊണ്ടോ ആളുകളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ഒരു വ്യക്തിയുടെ സല്‍പ്പേരിനും ആത്മാഭിമാനത്തിനും അളക്കാനാവാത്ത ദോഷം വരുത്തുമെന്ന് നിരീക്ഷിച്ച കോടതി അതൊരു ഒരു പതിവ് കാര്യമാക്കരുതെന്നും ആവശ്യപ്പെട്ടു.
വ്യക്തി സ്വാതന്ത്ര്യം ഭരണഘടനാ ഉത്തരവിലെ ഒരു സുപ്രധാന വശമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ക്രമിനല്‍ കേസുകളില്‍ പ്രതികളെ ജയിലിലേക്ക് അയയ്ക്കാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുന്നതിനെ കോടതി നിരുത്സാഹപ്പെടുത്തി.
കസ്റ്റഡി അന്വേഷണം അനിവാര്യമാകുമ്പോഴോ, അത് ഒരു ക്രൂരമായ കുറ്റകൃത്യമായിരിക്കുമ്പോഴോ, സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളപ്പോഴോ, പ്രതികള്‍ ഒളിവില്‍ പോകാനിടയുള്ളപ്പോഴൊ ആണ് അന്വേഷണ സമയത്ത് ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നത്. അറസ്റ്റ് നടപടി നിയമപരമാണെന്നത് കൊണ്ട് മാത്രം അത് ചെയ്യേണ്ടതില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ക്രിമിനല്‍ നടപടി നിയമത്തിലെ 170ാം വകുപ്പ് അനുസരിച്ച് വിചാരണ കോടതികള്‍ക്ക് അറസ്റ്റിന് നിര്‍ദേശം നല്‍കാം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാവരെയും നിര്‍ബന്ധമായും അറസ്റ്റ് ചെയ്യണം എന്ന് ഇതിന് അര്‍ഥമില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയില്ല എന്ന കാരണത്താല്‍ വിചാരണ കോടതികള്‍ക്ക് കുറ്റപത്രം സ്വീകരിക്കാതിരിക്കാന്‍ സാധീക്കില്ലെന്ന് വ്യക്തമാക്കുന്ന ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീം കോടതി എടുത്തുപറഞ്ഞു. ഈ വീക്ഷണത്തോട് യോജിക്കുന്നുവെന്നും അതിന് അംഗീകാരം നല്‍കുന്നുവെന്നും ബഞ്ച് വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസില്‍ 83 പേരോടൊപ്പം പ്രതിയായ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
source https://www.sirajlive.com/arrest-should-not-be-for-arrest-individual-freedom-is-important-supreme-court.html
Post a Comment