കുവൈത്ത് സിറ്റി | കുവൈത്തിൽ കൊവിഡ് ബാധിതരായി മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്കു ഇന്ത്യൻ എംബസി പ്രഖ്യാപിച്ച ഒരുലക്ഷം രൂപ വീതമുള്ള ധനസഹായം ഇതിനകം 97 കുടുംബങ്ങൾക്കു വിതരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് വ്യക്തമാക്കി. പദ്ധതി പ്രാഖ്യപിച്ചു മൂന്ന് ആഴ്ചക്കക്കം ഇത് നടപ്പിലാക്കാൻ സാധിച്ചു. കൊവിഡ് ബാധിച്ചു അനുദിനം നിരവധി ഇന്ത്യക്കാരാണ് മരിക്കുന്നത്. പരേതരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതയും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ഇന്ത്യൻ വെൽഫെയർ ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനു അർഹരായ ഇന്ത്യക്കാരായ വിവിധ വിഭാഗങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. വിദേശത്ത് ദുരിതമനുഭവിച്ചു മടക്കയാത്രക്ക് പണമില്ലാതെ വിഷമിക്കുന്നവർ, തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ, ചെറിയ കുറ്റങ്ങളെ തുടർന്ന് കേസിൽ അകപ്പെട്ട് പിഴ അടക്കാൻ സാധിക്കാത്തവർ, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൃതദേഹം നാട്ടിലേക്കു എത്തിക്കാൻ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർ, അപകടങ്ങളിൽ പെട്ടു ഗുരുതരമായി പരിക്കേറ്റവർ മുതലായ വിഭാഗങ്ങളിൽപെട്ട ഇന്ത്യക്കാർക്ക് ഐ ഡബ്ല്യു എഫിന്റെ സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. നിയമപരമായ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനു പ്രാദേശിക പരിഭാഷകരെ നിയമിക്കും. എംബസിയുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന വളണ്ടിയർ സംഘത്തിലേക്ക് അംഗീകൃത സംഘടനകളിൽ നിന്ന് ഒരാളെ വീതം നിർദേശിക്കുവാൻ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം സംഘടനകളും തങ്ങളുടെ പ്രതിനിധികളെ നിർദേശിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ എംബസി സൂക്ഷ്മ നിരീക്ഷണം നടത്തി വരികയാണ്.
ഇന്ത്യക്കാരുടെ വാക്സിനേഷൻ അംഗീകാരം, നേരിട്ടുള്ള വിമാന സർവീസ് മുതലായ വിഷയങ്ങളിൽ കുവൈത്ത് അധികൃതരുമായി എംബസി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. ഇക്കാര്യത്തിൽ കുവൈത്ത് അധികാരികളിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് സമീപ ദിവസങ്ങളിലെ പ്രഖ്യാപനങ്ങളിലൂടെ മനസിലാവുന്നത്. തൊഴിൽ ഉടമകളുമായി സഹകരിച്ചു കുവൈത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. കോടതികൾ, തൊഴിൽ മന്ത്രാലയ കാര്യലയങ്ങൾ എന്നിവിടങ്ങളിൽ സഹായത്തിനായി ദ്വിഭാഷികളെ ഏർപ്പെടുത്തും. എംബസിയുടെ സോഷ്യൽ മീഡിയകൾ വഴി നിയമപരമായ പ്രശ്നങ്ങളിൽ ചോദ്യോത്തര പംക്തി ആരംഭിക്കും. മാനവശേഷി അധികൃതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കാര്യക്ഷമമാകുന്നതുൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ഉന്നയിച്ചിരുന്നു. ഇന്ത്യ കരിമ്പട്ടികയിൽ ഉൾപെടുത്തിയ കുവൈത്ത് കമ്പനികളെ കുറിച്ച് അധികൃതരുമായി ചർച്ച നടത്തുകയും പട്ടിക കൈമാറുകയും ചെയ്തിട്ടുണ്ട്. ഗാർഹിക തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ടു എംബസിയുമായി സഹകരിക്കാത്ത സ്പോൺസർമാരുടെ പട്ടികയും തയാറാക്കിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ എംബസി ഉടൻ പുറത്ത് വിടുമെന്നും ഇവരുമായുള്ള ഇടപാടുകളിൽ എല്ലാ ഇന്ത്യക്കാരും ജാഗ്രത പുലർത്തണമെന്നും സ്ഥാനപതി ഓർമിപ്പിച്ചു.
യാത്രാ മാർഗനിർദേശങ്ങൾ, വാക്സിനേഷൻ, സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്ക് ഉടനടി മറുപടി നൽകുന്നതിനു എംബസിയുടെ പ്രത്യേക ദ്രുത കർമ സേന വിഭാഗത്തിന്റെ മുഴുസമയ പ്രവർത്തനം സജീവമാണ്.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്
source https://www.sirajlive.com/in-kuwait-financial-aid-has-been-started-for-the-indians-who-died-due-to-covid.html
إرسال تعليق