പാര്‍ലിമെന്റ് സമ്മേളനം നിരന്തരം തടസ്സപ്പെടുന്നതില്‍ പ്രധാനമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചിരിക്കുന്നു. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടിയിലൂടെ ഭരണഘടനയെയും ജനാധിപത്യത്തെയും പാര്‍ലിമെന്റിനെയും ജനങ്ങളെയും അപമാനിക്കുകയാണ് പ്രതിപക്ഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി. എം പിമാരുടെ യോഗത്തില്‍ ഇന്നലെ പറഞ്ഞത്. സഭാ നടപടികള്‍ തടസ്സപ്പെടുന്നതു മൂലം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ലോക്‌സഭയിലും രാജ്യസഭയിലും സംഭവിക്കുന്ന സമയ നഷ്ടവും വിശദമാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നുമുണ്ട്. പാര്‍ലിമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ഈ വാദങ്ങള്‍ നിരത്തുന്നു. പ്രതിപക്ഷം നിസ്സാര കാര്യത്തില്‍ പിടിച്ചു തൂങ്ങുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
സത്യത്തില്‍ സഭാ സ്തംഭനത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? പ്രതിപക്ഷത്തിന് മേല്‍ കുറ്റം ചാര്‍ത്തി സര്‍ക്കാറിന് രക്ഷപ്പെടാനാകുമോ? ഇസ്‌റാഈല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ 300ഓളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്നത് കേന്ദ്ര മന്ത്രിമാര്‍ പറയുന്നത് പോലെ “നോണ്‍ ഇഷ്യു’ ആണോ?
രാജ്യത്തിന്റെ സുരക്ഷയുമായും അന്തസ്സുമായും ബന്ധപ്പെട്ട ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണ് ദി വയര്‍ അടക്കമുള്ള മാധ്യമ കണ്‍സോര്‍ഷ്യം പുറത്ത് കൊണ്ടുവന്ന ഫോണ്‍ ചോര്‍ത്തല്‍. പ്രതിപക്ഷ നേതാക്കളാണ് പ്രധാനമായും പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ടത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് ഏറെയും ഒളിഞ്ഞു നോട്ടത്തിന് ലക്ഷ്യമാക്കപ്പെട്ടത്. ആക്ടിവിസ്റ്റുകള്‍, ഉന്നത ഉദ്യോഗസ്ഥര്‍, നീതിന്യായ രംഗത്തെ പ്രമുഖര്‍ എല്ലാമുണ്ട് പട്ടികയില്‍. പേരിന് ഭരണകക്ഷിയിലെ ചിലരും. വിമര്‍ശങ്ങളെ അസഹിഷ്ണുതയോടെ, അഥവാ ഭയത്തോടെ കാണുന്ന ഭരണകര്‍ത്താക്കളുള്ളിടത്തെല്ലാം ഇത്തരത്തിലുള്ള ചാര പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. ഇസ്‌റാഈലിലെ എന്‍ എസ് ഒ എന്ന കമ്പനി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് നിര്‍മിച്ചത് തീവ്രവാദവിരുദ്ധ ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ സഹായിക്കാനാണത്രെ.
ഈ സോഫ്റ്റ്‌വെയര്‍ ഇന്ത്യയിലെത്തുമ്പോള്‍ ആക്ടിവിസ്റ്റുകളെയും പ്രതിപക്ഷത്തെ പ്രമുഖരെയും നിയമവിരുദ്ധമായി നിരീക്ഷിക്കാനുള്ള സംവിധാനമായി മാറുന്നതെങ്ങനെയെന്ന് അന്വേഷിക്കേണ്ടതല്ലേ? സര്‍ക്കാറുകള്‍ക്ക് മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ വിറ്റിട്ടുള്ളൂവെന്ന് എന്‍ എസ് ഒ വ്യക്തമാക്കിയിട്ടുണ്ട്. എന്നുവെച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് വാങ്ങിയെന്ന് തന്നെയാണ് സ്ഥിരീകരിക്കപ്പെടുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയാതെയാണോ കോടികള്‍ കൊടുത്ത് ഈ സോഫ്റ്റ്‌വെയര്‍ വാങ്ങിയത്? അവരറിയാതെയാണെങ്കില്‍ വിഷയം കൂടുതല്‍ ഗൗരവമുള്ളതല്ലേ? ഒരു കാര്യം സര്‍ക്കാര്‍ മനസ്സിലാക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം മുറിക്കില്ലെന്ന് വാശിപിടിക്കുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുകയേ ഉള്ളൂ. പ്രധാനമന്ത്രിയുടെ 2017ലെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് പിറകേയാണ് പെഗാസസ് പര്‍ച്ചേസ് നടന്നതെന്ന് ഹാരെറ്റ്‌സിന്റെ ടെക് എഡിറ്റര്‍ ഉമര്‍ ബെഞ്ചകോബ് ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പ്രതിരോധ ബജറ്റില്‍ വന്‍ കുതിപ്പുണ്ടായത് പെഗാസസ് വാങ്ങുന്നതിന്റെ മുന്നോടിയായിരുന്നുവെന്ന വെളിപ്പെടുത്തലുമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരണമെന്ന് രാജ്യം ന്യായമായും ആഗ്രഹിക്കുന്നുണ്ട്. പൗരന്റെ ജനാധിപത്യപരമായ അവകാശമാണത്. ആ അവകാശത്തിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷം രാജ്യത്തെ അപമാനിക്കുന്നുവെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? വസ്തുതകള്‍ വെളിച്ചത്തു വരുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് മാത്രമേ ഈ ഒളിച്ചോടലില്‍ നിന്ന് മനസ്സിലാക്കാനാകൂ.
പെഗാസസ് ചോര്‍ത്തലിന് ഇരയായ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ മൂന്നംഗ ന്യായാധിപ സംഘത്തെ ഈ വിഷയം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് സുപ്രീം കോടതി മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പാര്‍ലിമെന്റ് അംഗങ്ങളും സമര്‍പ്പിച്ച ഹരജികളും സുപ്രീം കോടതിയുടെ മുമ്പിലുണ്ട്. എന്‍ ഡി എയില്‍ നിന്ന് തന്നെ അന്വേഷണ ആവശ്യം ഉയര്‍ന്നിരിക്കുന്നു. പെഗാസസില്‍ അന്വേഷണം ആവശ്യമാണെന്നും എല്ലാ കാര്യങ്ങളും ജനമധ്യത്തില്‍ പരസ്യമാക്കണമെന്നും ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്നിട്ടും ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള വകതിരിവിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയരുന്നില്ല. നരേന്ദ്ര മോദിയോ അമിത് ഷായോ പാര്‍ലിമെന്റില്‍ പ്രതികരിക്കണമെന്ന പ്രതിപക്ഷത്തിന്റെ മിനിമം ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടുമില്ല.
ഏതായാലും പ്രതിപക്ഷം മുമ്പൊരിക്കലും കാണാത്ത ഐക്യത്തോടെ ഈ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തുന്നുവെന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ്.
സര്‍വാധിപത്യത്തിന്റെ വഴിയിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണസഖ്യത്തെ പിടിച്ചു കെട്ടാന്‍ പാര്‍ലിമെന്റിനകത്തും പുറത്തും അര്‍ഥവത്തായ പ്രതിപക്ഷ ഐക്യം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം പെഗാസസ്, കര്‍ഷക സമരം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സമാന്തര പാര്‍ലിമെന്റ് അടക്കം നടത്തി സമരം ശക്തമാക്കാനാണ് തീരുമാനം. ഈ ഘട്ടത്തില്‍, ചോദ്യങ്ങള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ലെന്ന ഭൂരിപക്ഷത്തിന്റെ ഹുങ്ക് ജനാധിപത്യത്തില്‍ സാധ്യമല്ല. പാര്‍ലിമെന്റില്‍ വിശദമായ ചര്‍ച്ച നടക്കട്ടെ. സര്‍ക്കാറിന് പറയാനുള്ളത് പറയാമല്ലോ. ജുഡീഷ്യല്‍ അന്വേഷണവും നടക്കണം. വസ്തുത പുറത്തു വരണം. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം.
source http://www.sirajlive.com/2021/08/04/492062.html
Post a Comment