അഫ്ഗാനില്‍ രക്ഷപ്പെടാന്‍ പരക്കം പാഞ്ഞ് ജനം; വിമാനത്താവളത്തില്‍ തിക്കും തിരക്കും; അഞ്ച് മരണം

കാബൂള്‍ | താലിബാന്‍ അധിനിവേശത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍ പരക്കം പാഞ്ഞ് ജനങ്ങള്‍. ജനങ്ങളുടെ കൂട്ടപ്പാലയനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും അഞ്ച് പേര്‍ മരിച്ചു. വിമാനത്താവളത്തില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടകളുണ്ട്.

കാബൂള്‍ അടക്കം സുപ്രധാന നഗരങ്ങള്‍ പിടിച്ചടക്കി താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായി. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് നിരവധി പേരാണ് രക്ഷയുടെ കവാടം തേടി വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ എത്തിയതോടെ വിമാനത്താവളത്തില്‍ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങളുടെ തിരക്കിനിടയില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ് നടന്നതായും സൂചനയുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വെടിയൊച്ച കേള്‍ക്കാം. ഈ വെടിവെപ്പിലാണോ അഞ്ച് പേര്‍ മരിച്ചത് എന്നത് വ്യക്തമല്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിവെച്ചതിന്റെ ശബ്ദമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാന്റെ വ്യോമപാത സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ചിക്കാഗോയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഉള്‍പ്പെടെ വഴിതിരിച്ചുവിട്ടു. അഫ്ഗാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും വ്യോമപാത അടച്ചത് തിരിച്ചടിയാകും.



source https://www.sirajlive.com/people-fleeing-to-afghanistan-airport-crowded-five-deaths.html

Post a Comment

Previous Post Next Post