തിരുവനന്തപുരം | അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചു വരികയാണെന്ന് സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി രാജീവ്. വിഷയം സംബന്ധിച്ച് പഠിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനയിലാണ്. എല്ലാവര്‍ക്കും തൊഴിലെടുക്കാന്‍ അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായ വഫ ഫിറോസിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച സിറാജ് ദിനപത്രത്തിലെ കാമറാമാന്‍ ശിവജിയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തിരുന്നു. കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ ഹാജരായിരുന്നു. ഇവര്‍ കോടതിയില്‍ നിന്ന് തിരിച്ചിറങ്ങുന്നത് കാമറയില്‍ പകര്‍ത്താന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അക്രമം. അഭിഭാഷകര്‍ ശിവജിയുടെ കൈയില്‍ നിന്ന് കാമറയും അക്രഡിറ്റേഷന്‍ കാര്‍ഡും പിടിച്ചുവാങ്ങുകയും ഫോട്ടോ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. ഫോണ്‍ പിടിച്ചു പറിക്കാന്‍ ശ്രമിച്ചെങ്കിലും ആ സമയത്തെത്തിയ പോലീസുകാരുടെ കൈയിലേക്ക് ഫോണ്‍ കൈമാറി. സ്ഥലത്തെത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തെ അഭിഭാഷകര്‍ പിടിച്ചു തള്ളുകയും മര്‍ദിക്കുകയും ചെയ്തു.
source https://www.sirajlive.com/the-issue-between-lawyers-and-the-media-the-minister-said-the-government-was-seriously-looking-into-the-matter.html
Post a Comment