ഗോവയില്‍ നാവിക സേന ദേശീയ പതാക ഉയര്‍ത്തുന്നത് തടഞ്ഞ് പ്രദേശവാസികള്‍

പനാജി | തെക്കന്‍ ഗോവയിലെ സാവോ ജാസിന്റോ ദ്വീപില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള നാവിക സേനയുടെ ശ്രമം തടഞ്ഞ് പ്രദേശവാസികള്‍. ഇതിനെ തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തുന്നത് നാവിക സേന ഒഴിവാക്കി. ഇതിനെ തുടര്‍ന്ന് പതാക ഉയര്‍ത്തുന്ന പരിപാടിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാവിക സേനയോട് അഭ്യര്‍ഥിച്ചു.

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുമെന്ന് ദ്വീപുകാര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം, പതാക ഉയര്‍ത്തുന്നതിനെ തങ്ങള്‍ എതിര്‍ത്തിട്ടില്ലെന്ന് ദ്വീപുവാസികള്‍ പറഞ്ഞു. 2020ലെ മേജര്‍ പോര്‍ട്ട്‌സ് അതോറിറ്റീസ് ബില്‍ അനുസരിച്ച് ദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമത്തിന്റെ തുടക്കമാണോ ഇതെന്ന് സംശയിച്ചാണ് തടഞ്ഞതെന്നും ദ്വീപുവാസികള്‍ പറഞ്ഞു.

എന്തുവിലകൊടുത്തും ദ്വീപില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിക്ക് ഗോവന്‍ പോലീസിന്റെ പൂര്‍ണ സഹകരണവും നാവിക സേനക്ക് അദ്ദേഹം ഉറപ്പുനല്‍കി. ആഗസ്റ്റ് 13നും 15നും ഇടയില്‍ എല്ലാ ദ്വീപുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പരിപാടിയെന്ന് നാവിക സേന പറഞ്ഞു.

ദാബോലിമിന് സമീപമുള്ള ഐ എന്‍ എസ് ഹന്‍സ താവളത്തില്‍ നിന്ന് നാല് കി.മീ അകലെയാണ് സാവോ ജസിന്റോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 100 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നാവിക സേന പതാക ഉയര്‍ത്തുന്ന പരിപാടി നടക്കുന്ന ഭൂമിയുടെ ഉടമയായ അന്തോണി റോഡ്രിഗസും പരിപാടിക്ക് അനുമതി നല്‍കിയിരുന്നു. ഭാവിയില്‍ നാവിക സേന ദ്വീപ് പിടിച്ചെടുക്കുമോയെന്നതാണ് പ്രദേശവാസികളുടെ ഭയം.



source https://www.sirajlive.com/2021/08/14/493562.html

Post a Comment

أحدث أقدم