കാബൂള്‍ | ജനക്കൂട്ടം രക്ഷതേടി ഇരച്ചെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട അഫ്ഗാനിസ്ഥാനിലെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. അമേരിക്കന്‍ സൈന്യം തിരച്ചെത്തി വിമാനത്താവളത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് തുറന്നത്. ഇന്ന് പുലര്‍ച്ചയോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കന്‍ സൈനിക ജനറല്‍ ഹാങ്ക് ടെയ്ലര്‍ അറിയിച്ചു. സൈനികരുമായി സി-17 വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇറങ്ങി. സൈനികരുമായുള്ള രണ്ടാമത്തെ വിമാനം ഉടന്‍ തന്നെ ഇവിടേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷക്കായാണ് സൈന്യത്തെ എത്തിക്കുന്നത്.
വിമാനത്താവളത്തിനു പുറത്ത് പ്രവേശനം കാത്ത് പതിനായിരങ്ങളാണു നില്‍ക്കുന്നത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതോടെ രാജ്യത്തുനിന്നും പുറത്തുകടക്കാന്‍ ജനങ്ങള്‍ വഴിതേടുകയായിരുന്നു. തിങ്കളാഴ്ച കാബൂള്‍ വിമാ നത്താവളത്തില്‍ ആയിരങ്ങളാണു രാജ്യം വിടാന്‍ എത്തിയത്. ബസുകളില്‍ കയറുന്നതുപോലെയായിരുന്നു റണ്‍വേയില്‍ കിടന്ന വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ജനം തിരക്കുകൂട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നിരവധി പേര്‍ റണ്‍വേയിലൂടെ പരക്കംപായുന്നുണ്ടായിരുന്നു.
അമേരിക്കന്‍ വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകിടന്നു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പേര്‍ വിമാനം പറന്നുയര്‍ന്നതോടെ താഴേക്കു വീണു മരിക്കുന്നതിന്റെ ദാരുണ ദൃശ്യവും പുറത്തുവന്നു. കാബൂളിലെ ജനവാസ മേഖലയിലെ വീടിനു മുകളിലാണ് ഇവര്‍ വീണത്. കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ യു എസ് സൈനികര്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചതായി യുഎസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
source https://www.sirajlive.com/us-takes-control-of-kabul-airport.html
Post a Comment