കോഴിക്കോട് | കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ എം എ അറബിക് പാഠപുസ്തകത്തിൽ സലഫി ആശയങ്ങളെ വെള്ളപൂശുന്ന പാഠഭാഗം. സലഫി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഇബ്‌നു അബ്ദുൽ വഹാബിനെ കലർപ്പില്ലാത്ത ഇസ്‍ലാമിന്റെ വക്താവായാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. എം എ അറബിക് രണ്ടാം സെമസ്റ്ററിലെ ഹിസ്റ്ററി ഓഫ് കണ്ടമ്പററി അറബ് വേൾഡ് എന്ന പുസ്തകത്തിൽ 203 മുതൽ 206 വരെയുള്ള പേജുകളിലാണ് വിവാദ പരാമർശം.
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് ഉണ്ടാക്കിയെടുത്ത ഇസ്‌ലാമിക വിപ്ലവത്തിന് ലോകമെമ്പാടും വലിയ അംഗീകാരമാണ് ലഭിച്ചത്. അദ്ദേഹം ഇസ്‌ലാമിൽ പുതിയ ആശയങ്ങൾ കൊണ്ടുവന്നിട്ടില്ല. വഹാബിസം നാല് മദ്ഹബിൽ അടിയുറച്ചുകൊണ്ടുള്ള പ്രസ്ഥാനമാണ്. മുസ്‌ലിംകളിലെ തെറ്റായ വിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാൻ വേണ്ടി ഹിജ്‌റ 12-ാം നൂറ്റാണ്ടിൽ നജ്ദിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്. ഔലിയാക്കളോടും ഖബറുകളോടും തവസ്സുൽ ചെയ്യുന്നതിനെയാണ് പുസ്തകം തെറ്റായ വിശ്വാസമായി ചിത്രീകരിക്കുന്നത്.
ഇബ്‌നു അബ്ദുൽ വഹാബിന്റെ ആശയങ്ങൾ “ഖബർ ആരാധന’ നടത്തുന്നവർക്ക് ദഹിച്ചില്ലെന്നും അതുകൊണ്ട് ഈ പ്രസ്ഥാനത്തെ വഹാബി പ്രസ്ഥാനം എന്ന് പേരിട്ട് അവർ വികലമാക്കുകയാണെന്നും പാഠഭാഗത്തിൽ പറയുന്നു. ലോക മുസ്‌ലിംകൾക്കിടയിൽ വഹാബി ആശയത്തെക്കുറിച്ചുള്ള എതിരഭിപ്രായങ്ങളോ തീവ്രവാദവുമായി ബന്ധപ്പെട്ട് ലോകത്താകെ ആ പ്രസ്ഥാനം പ്രതിക്കൂട്ടിൽ നിൽക്കുന്നതോ പരാമർശിക്കാത്ത പാഠഭാഗം വഹാബി ആശയത്തെ ന്യായീകരിക്കാനും വെള്ളപൂശാനും മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം അറബിക് അസി. പ്രൊഫസർ കെ മുബീനുൽ ഹഖാണ് പുസ്തകം തയ്യാറാക്കിയത്. ഫറൂഖ് കോളജ് അറബിക് ഗവേഷണ വിഭാഗം അസി. പ്രൊഫസർ ഡോ. മുഹമ്മദ് ആബിദാണ് സൂക്ഷ്മ പരിശോധന നടത്തിയത്. ഇതിന് മുമ്പ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബി എ അഫ്‌സലുൽ ഉലമയുടെ പാഠപുസ്തകമായ കിതാബുത്തൗഹീദിൽ സലഫി ചിന്തകൾ കുത്തിനിറച്ചതിനെതിരെ എസ് എസ് എഫ് അടക്കമുള്ള സംഘടനകൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് സർവകലാശാല വിവാദ പുസ്തകം പിൻവലിച്ചിരുന്നു.
പരിശോധിക്കും: സർവകലാശാല
വിദൂര വിദ്യാഭ്യാസ വിഭാഗം എം എ അറബിക് പാഠപുസ്തകത്തിലെ സലഫി ആശയം സംബന്ധിച്ച വിവാദ പരാമർശം പരിശോധിക്കുമെന്ന് യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ ഡയറക്്ടർ ഡോ. ആർ സേതുനാഥ് അറിയിച്ചു. ഇതു സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധം: വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി അധ്യാപകർ
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പി ജി അറബിക് അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 250ഓളം പേരടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ വഹാബി ആശയത്തെ വെള്ളപൂശുന്ന പാഠഭാഗത്തിനെതിരെ നിറയെ പ്രതിഷേധം. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി മാറ്റിയിരിക്കുകയാണ് അധ്യാപകർ.
source https://www.sirajlive.com/calicut-university-ma-arabic-textbook-on-salafism-in-arabic-book.html
Post a Comment