കൊച്ചി | ജില്ലാ കോൺഗ്രസ്സ് അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തെ തുടർന്നുള്ള പോരടങ്ങും മുന്പ് തന്നെ കെ പി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകളും തുടങ്ങുന്നു. കെ പി സി സി, ഡി സി സി ഭാരവാഹികളെകൂടി ഉടൻ പ്രഖ്യാപിച്ച് ബൂത്ത് തലം വരെയുള്ള പുനഃസംഘടന മൂന്ന് മാസത്തിനകം പൂർത്തിയാക്കാനാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ ആലോചന. ഡി സി സി പ്രസിഡന്റുമാരെ കണ്ടെത്തിയ അതേ രീതിയിൽ തന്നെയാകും കെ പി സി സി- ഡി സി സി ഭാരവാഹികളെയും തിരഞ്ഞെടുക്കുക. വലിയ കലഹങ്ങൾക്കിട നൽകാത്ത രീതിയിൽ കെ പി സി സി ഭാരവാഹി പട്ടിക ഈ മാസം തന്നെ ഹൈക്കമാൻഡിന് കൈമാറാനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിനുള്ള ചർച്ചകൾ അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ തുടങ്ങും.
ഡി സി സി പ്രസിഡന്റുമാർ, കെ പി സി സി ഭാരവാഹികൾ എന്നിവരുടെ നാമനിർദേശം ഒരു പാക്കേജിന്റെ അടിസ്ഥാനത്തിൽ നടത്താനാണ് നേരത്തേ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നതെങ്കിലും പട്ടിക പുറത്തുവരുമ്പോഴുള്ള പൊട്ടിത്തെറി മുൻകൂട്ടി കണ്ടാണ് സഹഭാരവാഹികളെ നിശ്ചയിക്കുന്നത് രണ്ടാം ഘട്ടത്തിലേക്ക് മാറ്റിയത്. എന്നാൽ ഡി സി സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ടെങ്കിലും താഴെത്തട്ടിലേക്കുള്ള തിരഞ്ഞെടുപ്പ് വലിയ തലവേദനയായി മാറുമോയെന്ന ആശങ്ക ഇപ്പോഴും േനതൃത്വത്തിനുണ്ട്.
പദവികൾ വലിയ തോതിൽ വെട്ടിച്ചുരുക്കിയ പുനഃസംഘടനയിൽ അർഹരെ കണ്ടെത്തുകയെന്നത് കെ പി സി സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വലിയ വെല്ലുവിളിയാകും. ഡി സി സി അധ്യക്ഷ പട്ടികയിലേറ്റ ക്ഷീണം കെ പി സി സി ഭാരവാഹി പട്ടികയിൽ ആവർത്തിക്കാതിരിക്കാൻ ഗ്രൂപ്പുകൾ രണ്ടും കൽപ്പിച്ച് നീങ്ങിയാൽ ഭാരവാഹി പട്ടിക തയ്യാറാക്കാൻ നേതാക്കൾക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന തത്ത്വത്തോട് പാർട്ടിയിൽ ആർക്കും വിയോജിപ്പില്ലെങ്കിലും അത് പ്രാവർത്തികമാക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്ന് മുതിർന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഭാരവാഹികളുടെ എണ്ണം നിയന്ത്രിക്കാൻ മുൻ അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഏറെ ശ്രമിച്ചിരുന്നെങ്കിലും ഗ്രൂപ്പുകളുടെ സമ്മർദം മൂലം കഴിഞ്ഞിരുന്നില്ല. രണ്ട് ഘട്ടമായാണ് കഴിഞ്ഞ തവണ ഭാരവാഹി പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
നിലവിൽ പത്തിലധികം വൈസ് പ്രസിഡന്റുമാരും 50ൽപരം ജനറൽ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും കെ പി സി സിക്കുണ്ട്. ഇത്തവണ ഭാരവാഹികളെ കുറച്ച് നാല് ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹക സമിതി അംഗങ്ങൾ എന്നീ പദവികളാകും ഉണ്ടാകുക. പരമാവധി 50 പേരിൽ ഭാരവാഹിപ്പട്ടിക ഒതുക്കാനാണ് ധാരണയായിട്ടുള്ളത്. ഭാരവാഹികളിൽ പത്ത് ശതമാനം പേർ സ്ത്രീകളും പത്ത് ശതമാനം പട്ടികജാതി പട്ടികവർഗ വിഭാഗവുമായിരിക്കും. കെ പി സി സിയുടെ അതേ മാതൃകയിലാണ് ഡി സി സികളും പുനഃസംഘടിപ്പിക്കുക. കെ പി സി സി പട്ടിക ഹൈക്കമാൻഡ് പുറത്തിറക്കുന്നതിന് പിന്നാലെ തന്നെ ഡി സി സി ഭാരവാഹികളുടെ പ്രഖ്യാപനവും നടക്കും.
ഏതെങ്കിലും ഒരു ചാനലിൽ നിന്ന് വരുന്ന നിർദേശങ്ങൾക്കനുസരിച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ്കെ സുധാകരൻ വ്യക്തമാക്കിയിട്ടുമുണ്ട്. പൊതു പ്രവർത്തന രംഗത്ത് കഴിവും പരിചയവുമുള്ള കോൺഗ്രസ്സ് നേതാക്കളെ തന്നെ ഭാരവാഹികളാക്കാനാണ് തീരുമാനം.
വൈകാതെ ചർച്ചകൾ പൂർത്തിയാക്കി ഹൈക്കമാൻഡിന് നൽകി ഈ മാസം അവസാന വാരമോ അടുത്ത മാസം ആദ്യമോ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്.
source https://www.sirajlive.com/the-announcement-of-the-congress-office-bearer-will-not-be-delayed-reorganization-to-booth-level-within-three-months.html
إرسال تعليق