കമ്മ്യൂണിസത്തിനെതിരെ ക്യാന്പയിനുമായി ഇ കെ വിഭാഗം; നിഷേധിച്ച് ജിഫ്‌രി തങ്ങൾ

കോഴിക്കോട് | കമ്മ്യൂണിസം ഉൾപ്പെടെയുള്ള ആശയങ്ങൾക്കെതിരെ ക്യാമ്പയിനുമായി ഇ കെ വിഭാഗം. “ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന പ്രമേയത്തിൽ ക്യാമ്പയിൻ നടത്താനാണ് തീരുമാനം. കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്ന് ക്യാമ്പയിൻ വിശദീകരിച്ചുകൊണ്ടെഴുതിയ ലേഖനത്തിൽ സംഘടനാ നേതാവ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി പറയുന്നു. സ്വതന്ത്ര ലൈംഗികതയെ അവർ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിന് കമ്മ്യൂണിസ്റ്റ് വിദ്യാർഥി സംഘടന അന്തർദേശീയ സ്വയംഭോഗ ദിനം ആചരിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും സ്വന്തം മുഖപത്രത്തിലും ലീഗ് മുഖപത്രത്തിലും എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

മുസ്‌ലിംകൾക്കിടയിൽ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അത് കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. മാർക്‌സും ഏംഗൽസും മുതൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വരെ അത് വ്യക്തമാക്കിയതാണ്. കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നുവെന്നാണ് മാർക്‌സിന്റെ വീക്ഷണം. ലിബറൽ ധാർമികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം.- ലേഖനത്തിൽ പറയുന്നു. ഇ കെ വിഭാഗം സംഘടനയായ സുന്നി മഹല്ല് ഫെഡറേഷനാണ് മൂന്ന് മാസം നീളുന്ന ക്യാമ്പയിനിന് നേതൃത്വം നൽകുന്നത്.

അതേസമയം, “കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത’ എന്ന തലക്കെട്ടിൽ വരുന്ന വാർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയിൽ മലപ്പുറത്ത് ഞാൻ പങ്കെടുത്തിരുന്നു. അവിടെ നടത്തിയ പ്രസംഗത്തിലും തുടർന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങൾ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നു: ഡി വൈ എഫ് ഐ

കോഴിക്കോട് | ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങുന്നുവെന്ന പ്രചാരണത്തിന് പിന്നാലെ ഇ കെ വിഭാഗം സമസ്തക്കെതിരെ കടുത്ത വിമർശവുമായി ഡി വൈ എഫ് ഐ. കൊടപ്പനക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കയറി തെറിവിളിച്ചപ്പോൾ ഇ കെ വിഭാഗം എവിടെ ആയിരുന്നുവെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ ചോദിച്ചു.

കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങിയപ്പോൾ ലീഗ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ്.
ഇ കെ വിഭാഗക്കാർക്ക് ഇപ്പോഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് ഇവരുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം.

വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം സംഘടന കണ്ടുപിടിക്കണം. അത് പാണക്കാട്ടെ വീടിന് മുന്നിലും കോഴിക്കോട് ലീഗ് ഓഫീസിന് മുന്നിലും സ്ഥാപിക്കണം. അപ്പോൾ അറിയാം ആർക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിൻ നടത്തേണ്ടതെന്ന് അദ്ദേഹം ഫേസ്്ബുക്കിൽ കുറിച്ചു.



source https://www.sirajlive.com/ek-faction-with-anti-communist-campaign-geoffrey-denied.html

Post a Comment

أحدث أقدم