ഹിമന്ത ശര്‍മ്മക്കെതിരെയുള്ള കേസ് പുനഃപരിശോധിക്കുമെന്ന് മിസോറാം ചീഫ് സെക്രട്ടറി

ഐസ്വാള്‍ |  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ മിസോറാം പോലീസ് എടുത്ത കേസില്‍ പുനഃപരിശോധന നടത്തുമെന്ന് മിസോറാം ചീഫ് സെക്രട്ടറി. അസം മുഖ്യമന്ത്രിക്കെതിരെ എടുത്ത കേസിനെക്കുറിച്ച് തനിക്കോ മുഖ്യമന്ത്രിക്കോ അറിവില്ലായിരുന്നവെന്ന് അദ്ദേഹം അറിയിച്ചു. പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഉദ്യോഗസ്ഥരോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 26 ന് നടന്ന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ കേസെടുത്തത്. സംഘര്‍ഷത്തില്‍ ആറ് അസം പോലീസ് ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെടുകയും ഒരു എസ് പിയടക്കം അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അസം മുഖ്യമന്ത്രിക്ക് പുറമെ നാല് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മിസോറാം പോലീസ് കേസെടുത്തിരുന്നു. വധശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

താന്‍ ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് ഒരു സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കാത്തതെന്ന് ഹിമന്ത ശര്‍മ്മ പ്രതികരിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷത്തില്‍ അസം പോലീസ് ലൈറ്റ് മെഷീന്‍ തോക്കുകള്‍ ഉപയോഗിച്ചിരുന്നതായും അതിന് വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും മിസോറാം ചീഫ് സെക്രട്ടറി പറഞ്ഞു.



source http://www.sirajlive.com/2021/08/01/491674.html

Post a Comment

Previous Post Next Post