അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം

അബുദാബി | യു എ ഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന, വാക്്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ആഗസ്റ്റ് 20 മുതല്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. വാക്‌സിനെടുത്തിട്ടുള്ള പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിലാണ് മാറ്റം.

വാക്‌സിനെടുത്തിട്ടുള്ളവര്‍ക്കും ( അല്‍ ഹുസന്‍ ആപ്പില്‍ ഇ ചിഹ്നം നിര്‍ബന്ധം), വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും ( അല്‍ ഹുസന്‍ ആപ്പില്‍ നക്ഷത്ര ചിഹ്നം നിര്‍ബന്ധം) ഗ്രീന്‍ പാസ് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
അല്‍ ഹുസന്‍ ആപ്പില്‍ ഇ അല്ലെങ്കില്‍ നക്ഷത്ര ചിഹ്നം, ഗ്രീന്‍ പാസ് എന്നിവയുമായി എമിറേറ്റിലേക്ക് പ്രവേശിക്കുന്നവര്‍ക്ക്, അബുദാബിയില്‍ തുടരുന്ന അവസരത്തില്‍ മറ്റു പരിശോധനകള്‍ ആവശ്യമില്ല. വിദേശത്ത് നിന്നെത്തുന്നവര്‍ അവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു നിബന്ധനകള്‍ പാലിക്കേണ്ടതാണ്. അതേസമയം, വാക്‌സിനെടുക്കാത്തവര്‍ക്ക് മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ജൂലൈ 19ന് ഏര്‍പ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം, വാക്‌സിനെടുക്കാത്തവര്‍ക്ക് 48 മണിക്കൂറിനിടയില്‍ നേടിയ പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 24 മണിക്കൂറിനിടയില്‍ നേടിയ ലേസര്‍ ഡി പി ഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്. പി സി ആര്‍ ഫലം ഉപയോഗിച്ച് അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ എമിറേറ്റില്‍ തുടരുന്ന സാഹചര്യത്തില്‍ നാലാം ദിനത്തിലും, എട്ടാം ദിനത്തിലും പി സി ആര്‍ പരിശോധന നടത്തേണ്ടതാണ്. ഡി പി ഐ ഫലം ഉപയോഗിക്കുന്നവര്‍ മൂന്നാം ദിനത്തിലും, ഏഴാം ദിനത്തിലും പി സി ആര്‍ പരിശോധന നടത്തേണ്ടതാണ്.

 



source https://www.sirajlive.com/change-in-entry-criteria-for-abu-dhabi.html

Post a Comment

أحدث أقدم