തിരുവനന്തപുരം | കേരളം കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്ന് സെറോ സർവേ ഫലം. പഠന റിപ്പോർട്ടിൽ 80 ശതമാനത്തോളം പേർക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് സൂചന. ഉയർന്ന തോതിലുള്ള വാക്‌സീനേഷനും രോഗം വന്നു പോയതുമാണ് വൻ തോതിൽ പ്രതിരോധ ശേഷി നേടാൻ കാരണമായതെന്നാണ് സർവേയുടെ കണ്ടെത്തൽ. ഇതിൽ വാക്‌സീനേഷനാണ് പ്രധാന പ്രതിരോധ ഘടകമായതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ആരോഗ്യ വിദഗ്ധർ പറയുന്നു.
സംസ്ഥാനം ആദ്യമായാണ് സ്വന്തം നിലയിൽ സെറോ പ്രിവിലൻസ് സർവേ നടത്തിയത്. നേരത്തേ ഐ സി എം ആർ അവസാനമായി നടത്തിയ സെറോ പ്രിവിലൻസ് സർവേയിൽ 42.7 ശതമാനമായിരുന്നു കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്. ജൂലൈ മാസത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ എറണാകുളം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് പരിശോധനകൾ നടന്നത്. കേരളത്തിൽ ഇതു വരെ ഐ സി എം ആർ നാല് സെറോ സർവേകൾ നടത്തിയിരുന്നു. ഒരു വർഷം മുമ്പ് കേരളത്തിൽ 0.33 ശതമാനം മാത്രമായിരുന്നു സെറോ സർവേ ഫലം. 2020 മെയിൽ 0.33 ശതമാനമായിരുന്നെങ്കിൽ ആഗസ്റ്റിൽ ഇത് 0.88 ശതമാനമായിരുന്നു. ഡിസംബറിൽ 11.6 ശതമാനമായിരുന്നു കേരളത്തിലെ സെറോ സർവേ ഫലം.
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ആരോഗ്യ വകുപ്പ് നടത്തിയ സെറോ പ്രിവിലൻസ് സർവേയിൽ അഞ്ച് വയസ്സിന് മുകളിൽ 17 വയസ്സ് വരെയുള്ള കുട്ടികൾ, പതിനെട്ട് വയസ്സിന് മുകളിൽ പ്രായം ഉള്ളവർ, 18 വയസ്സിന് മുകളിലുള്ള ആദിവാസി വിഭാഗം, തീരദേശ ജന വിഭാഗം, കോർപറേഷൻ പരിധികളിലുള്ളവർ, ഗർഭിണികൾ എന്നിവരിലാണ് പഠനം നടത്തിയത്. രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളത്തിന് രോഗ പ്രതിരോധത്തിൽ മുന്നേറാനായതിന്റെയും കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞെന്ന് വ്യക്തമായതിന്റെയും സൂചനയായാണ് പുതിയ സെറോ പ്രിവിലൻസ് സർവേ റിപ്പോർട്ടിനെ ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ കൊവിഡ് പ്രതിരോധ ശേഷി ഉണ്ടെന്ന കണ്ടെത്തൽ ആശ്വാസകരമാണ്. സ്‌കൂളിലേക്ക് കുട്ടികളെ അയക്കുന്നതിന് രക്ഷിതാക്കൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് സർവേ റിപ്പോർട്ട്. വാക്‌സീനേഷൻ പൂർത്തിയാകുന്നതോടെ കേരളത്തിന് വലിയ തോതിൽ രോഗ പ്രതിരോധം നേടാൻ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. ആദ്യ ഡോസ് വാക്‌സീൻ 91 ശതമാനം പിന്നിട്ട സാഹചര്യത്തിൽ രണ്ടാം ഡോസ് വാക്‌സീൻ വിതരണത്തിന് കൂടുതൽ ഊന്നൽ നൽകണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്തിട്ടുണ്ട്. വാക്‌സീൻ വിതരണം പൂർത്തിയായാൽ കൊവിഡ് ഭീഷണിയെ പ്രതിരോധിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
source https://www.sirajlive.com/zero-prevalence-survey-result-immunity-is-80-percent.html
Post a Comment