കണ്ണൂർ | ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ബിജു തോമസ് എബ്രഹാമി (49) നെയാണ് കണ്ണൂർ കണ്ണപുരം പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ആരോൺ ദേവരാഗ് എന്ന പേരുപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
2016ൽ സിനിമാ നിർമാണത്തിനെന്ന് പറഞ്ഞ് കണ്ണപുരം സ്വദേശി മനു കൃഷ്ണനിൽ നിന്ന് മൂന്നര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. പട്ടാളത്തിൽ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഡോക്ടർ ആണെന്നും സിനിമാ പ്രൊഡ്യൂസർ ആണെന്നും എ ഡി ജി പി മനോജ് എബ്രഹാം അടുത്ത ബന്ധുവാണെന്നും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വികലാംഗനായ പാലക്കാട് സ്വദേശി മനോജിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇങ്ങനെ 18 കുടുംബങ്ങളിൽ നിന്ന് ഓരോ ലക്ഷം രൂപ വാങ്ങിയതിന് ബെംഗളൂരുവിലും കേസുകളുണ്ട്. ബെംഗളൂരു ഉദയനഗറിൽ താമസമാക്കിയ ബിജുവിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. നിരവധി പേർ തട്ടിപ്പിനിരയായതായാണ് വിവരം.
source https://www.sirajlive.com/army-job-offer-man-arrested-for-swindling-lakhs.html
Post a Comment