തൊടുപുഴ | ഇടുക്കി ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തനുണർവേകാൻ അയ്യപ്പൻ കോവിലിൽ കയാക്കിംഗ് ട്രയൽ റൺ നടത്തി. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധനേടാൻ കഴിയുന്ന വിനോദമാണിത്. ഒരാൾക്ക് വീതവും രണ്ടാൾക്കും ഒപ്പം തുഴഞ്ഞു സാഹസിക യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ ഉപയോഗിച്ചത്.
ട്രയൽ വിജയിച്ചതോടെ ഉടൻ പദ്ധതി നടപ്പാക്കാൻ സാധിക്കും. ഇടുക്കി സംഭരണിയുടെ ഭാഗമായ ഇവിടെ പെരിയാറിന് കുറുകെ നിർമിച്ചിരിക്കുന്ന അയ്യപ്പൻ കോവിൽ തൂക്കുപാലവും പ്രസിദ്ധമാണ്. ജില്ലാ ഭരണകൂടം, പഞ്ചായത്ത്, ഡി ടി പി സി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
കയാക്കിംഗിനൊടൊപ്പം അമിനിറ്റി സെന്ററും അനുബന്ധ സൗകര്യങ്ങളും അയ്യപ്പൻ കോവിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവിടെ സംവിധാനിക്കും. ഇടുക്കി കാണാൻ എത്തുന്നവർക്ക് ഒരു ദിവസം കൊണ്ട് ഇടുക്കി ഡാം, അഞ്ചുരുളി, അയ്യപ്പൻകോവിൽ, വാഗമൺ
എന്നിവ സന്ദർശിച്ച് മടങ്ങാനാകും. പെരിയാറിൽ കയാക്കിംഗ് വരുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് ഇതൊരു മുതൽക്കൂട്ടാകുമെന്ന് ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത് പോലെയുള്ള ചെറിയ ടൂറിസം പദ്ധതികൾ സജ്ജമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും
അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/kayaking-is-coming-to-ayyappankovil.html
إرسال تعليق