വേണം, നമുക്കിനി സഞ്ചരിക്കുന്ന ബാറുകളും!

2016 ഏപ്രില്‍ 18ന് പുറത്തുവന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. “കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. ഇങ്ങനെ കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചു കൊണ്ടാണോ ഘട്ടം ഘട്ടമായി മദ്യ നിരോധം നടപ്പാക്കുന്നത്?’. ത്രീ സ്റ്റാറിനു മേലെയുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയ സര്‍ക്കാറിനെതിരെ അന്നത്തെ പ്രതിപക്ഷത്തെ പ്രമുഖ നേതാവും ആ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആകും എന്ന് തീര്‍ച്ചയുമുള്ള പിണറായി വിജയന്‍ ആണ് ഈ പോസ്റ്റിട്ടത്. തൊട്ടടുത്ത മാസത്തില്‍ തന്നെ അദ്ദേഹം മുഖ്യമന്ത്രിയുമായി. അതിനു ശേഷം കേരളത്തിലെ മദ്യരംഗത്ത് എന്താണ് സംഭവിച്ചത് എന്ന് നമുക്കറിയാം. എഴുനൂറിലേറെ ഹോട്ടലുകളില്‍ ബാറിന് അനുമതി നല്‍കി. ബിവറേജസ് കോര്‍പറേഷന്റെ നൂറുകണക്കിന് പുതിയ വില്‍പ്പന ശാലകള്‍ തുറന്നു. കൊവിഡിന്റെ നിയന്ത്രണം ലംഘിക്കുന്നവരില്‍ നിന്ന് 150 കോടിയില്‍ പരം രൂപ പിഴയായി പിരിച്ചു. ബേങ്കിലും ആശുപത്രിയിലും മരുന്ന് വാങ്ങാനും മറ്റും പോയവരും സ്വന്തം ജീവിതം നിലനിര്‍ത്താനുള്ള വഴി തേടിയവരും ശിക്ഷിക്കപ്പെട്ടപ്പോള്‍ മദ്യവില്‍പ്പന ശാലകള്‍ക്കു മുന്നില്‍ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളെ പോലും ശിക്ഷിച്ചില്ല. സര്‍ക്കാറിന്റെ മുന്‍ഗണനാക്രമം വ്യക്തമായിരുന്നു. ജനങ്ങള്‍ക്ക് പരമാവധി മദ്യം കുടിക്കാന്‍ അവസരം ഉണ്ടാകണം. അതിലൂടെ സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്ന പരസ്യമായ ലക്ഷ്യമുണ്ട്. ഒപ്പം വലിയ തോതില്‍ അഴിമതി നടത്തി പണം വാരാനുള്ള സാധ്യത പ്രയോജനപ്പെടുത്തുകയും വേണം. അതിനും പുറമെ മദ്യം ധാരാളമായി കിട്ടുന്ന ജനങ്ങള്‍ യാതൊരു വിധ പ്രതിഷേധ സ്വരവും ഉയര്‍ത്തുകയുമില്ല.

മദ്യ നിരോധമല്ല മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഓരോ ദിവസമെന്നോണം മദ്യവില്‍പ്പന ശാലകളുടെ എണ്ണം കൂട്ടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എങ്ങനെയാകും മദ്യ വര്‍ജനത്തിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി കോംപ്ലക്‌സ് കെട്ടിടങ്ങളില്‍ ബിവറേജസ് കോര്‍പറേഷന്റെ (ബെവ്‌കോയുടെ) വില്‍പ്പന ശാലകള്‍ അനുവദിക്കാനുള്ള തീരുമാനത്തെ കാണേണ്ടത്. വിവിധ ലക്ഷ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. അതില്‍ ചിലത് തുറന്നു പറഞ്ഞിട്ടുണ്ട്. നഷ്ടം വന്ന് കുത്തുപാള എടുത്തിരിക്കുന്ന കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താന്‍ ഇത് സഹായിക്കും എന്നതാണ് ഗതാഗത മന്ത്രിയുടെ ഒരു പ്രതീക്ഷ. കെ എസ് ആര്‍ ടി സിയുടെ കീഴില്‍ ഇത്ര വലിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത് തന്നെ എന്തിനായിരുന്നു എന്നാരും ചോദിക്കരുത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് മുടിഞ്ഞ ആ സ്ഥാപനത്തെ കരകയറ്റാന്‍ നാട്ടുകാരെ മദ്യത്തില്‍ കുളിപ്പിക്കണം എന്നാണ് സര്‍ക്കാറിന്റെ ന്യായം. ഈ ന്യായം വെച്ചാണെങ്കില്‍ ഇനിയും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ വരുമാനമുള്ള പല പരിപാടികളും തുടങ്ങാം.
ബസ് ഡിപ്പോയുടെ പ്രവര്‍ത്തനത്തിന് തടസ്സമില്ലാതെ ഇത് ചെയ്യാമെന്നും മന്ത്രി പറയുന്നു. ഒരുപക്ഷേ, കൂടുതല്‍ ആളുകള്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡില്‍ എത്തിച്ചേരാന്‍ ഇത് സഹായിച്ചേക്കാം. അതുവഴി അവിടെയുള്ള മറ്റു വ്യാപാരികള്‍ക്കും ഗുണകരമായേക്കാം. ആ വരുമാനത്തിന്റെ ഒരു പങ്ക് കെ എസ് ആര്‍ ടി സിക്കും കിട്ടാം. എല്ലാം നല്ലതിനാകട്ടെ.

ഒരു പൊതുമേഖലാ സ്ഥാപനം തന്നെയാണല്ലോ മദ്യ വില്‍പ്പന ശാലകള്‍ നടത്തുന്ന ബിവറേജസ് കോര്‍പറേഷനും(ബെവ്‌കോ). മദ്യവില്‍പ്പന ശാലകളിലെ തിരക്കും അതുവഴിയുണ്ടാകുന്ന രോഗവ്യാപന സാധ്യതകളും മറ്റു അപകടങ്ങളും ഒരു വിഷയമായി ഹൈക്കോടതിയുടെ മുന്നില്‍ വന്നപ്പോള്‍ അവര്‍ക്കും സര്‍ക്കാറിനും കടുത്ത വിമര്‍ശമാണ് നേരിടേണ്ടി വന്നത്. പുതിയ ഇടങ്ങളിലേക്ക് ഇവ മാറ്റുക എന്നത് എളുപ്പമല്ല. മദ്യശാലകള്‍ അനുവദിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളഞ്ഞത് ഉള്‍പ്പെടെ സര്‍ക്കാര്‍ ഇവര്‍ക്ക് നിരവധി ഇളവുകള്‍ പ്രത്യക്ഷമായും പരോക്ഷമായും നല്‍കിയെങ്കിലും പ്രാദേശിക ജനങ്ങളുടെ എതിര്‍പ്പു മൂലം പലയിടത്തും ഷോപ്പുകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളത്ത് പതിനെട്ടും തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പത്തും കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒമ്പതും ഷോപ്പുകള്‍ക്ക് സ്ഥലം ഉടനെ അവര്‍ കണ്ടെത്തേണ്ടതുണ്ട്. കെ എസ് ആര്‍ ടി സി കെട്ടിടങ്ങള്‍ ആകുമ്പോള്‍ അങ്ങനെ ഒരു പ്രശ്‌നവുമില്ല. അവരുടെ ഡിപ്പോകളിലും മറ്റും നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വാര്‍ത്തകള്‍ പറയുന്നു. വിപണിയേക്കാള്‍ ഇരട്ടി വില നല്‍കിയാണ് ഇപ്പോള്‍ ബെവ്‌കോ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ അവര്‍ക്ക് വലിയ നഷ്ടം (ലാഭത്തില്‍ കുറവ്) ഉണ്ടാകുന്നു. അത് നികത്താന്‍ ഈ തീരുമാനം കൊണ്ട് കഴിയും. പൊതുമരാമത്ത് വകുപ്പിന്റെ നിരക്കിലാകും വാടക നിശ്ചയിക്കുക. അത് കമ്പോള നിരക്കിനേക്കാള്‍ കുറവും ആയിരിക്കും.

ഇനി മദ്യപാനികളുടെ കാര്യം എടുക്കുക. കൂടുതല്‍ വില്‍പ്പന ശാലകള്‍ വരുന്നത് അവര്‍ എന്തായാലും സ്വാഗതം ചെയ്യുമല്ലോ. ഇപ്പോഴുള്ള തിക്കും തിരക്കും ഒഴിവാകും. സമയ ലാഭവും ഉണ്ടാകും. ഇപ്പോള്‍ ബസ് സ്റ്റേഷനുകളില്‍ ചെല്ലുമ്പോള്‍ ഊണ് കഴിക്കാന്‍ അല്ലെങ്കില്‍ ചായ കുടിക്കാന്‍ സമയമുണ്ട് എന്ന് വിളിച്ചു പറയുമ്പോള്‍ അതിന് മറ്റൊരു മാനം കൂടി വരും. പൊതുവഴികളില്‍ തിങ്ങിക്കൂടി നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ കാണുന്നതില്‍ പ്രശ്‌നമുള്ള ചിലര്‍ ഉണ്ട്. അവര്‍ക്കും ഈ തീരുമാനം സന്തോഷം പകരും. നാട്ടില്‍ ടൂറിസം വികസിക്കണമെങ്കില്‍ മദ്യം എവിടെയും കിട്ടുമാറാക്കണം എന്നത് സര്‍ക്കാറിന്റെ കാഴ്ചപ്പാടാണല്ലോ. “”സഞ്ചരിക്കുന്ന ബാര്‍” എന്ന സങ്കല്‍പ്പത്തിലേക്കു മാറാന്‍ കെ എസ് ആര്‍ ടി സിക്ക് എളുപ്പമാണ്. നിരവധി എ സി ബസുകള്‍ വെറുതെ കിടക്കുന്നുണ്ട്. അവക്കൊക്കെ പണിയാകും. ദൂരപരിധിയുടെ പ്രശ്‌നമില്ല താനും. എവിടെ വേണമെങ്കിലും കൊണ്ടിടാനും കഴിയും. മൊത്തത്തില്‍ എല്ലാവര്‍ക്കും നേട്ടം മാത്രം.

പിന്നെ ഈ തീരുമാനത്തില്‍ ആര്‍ക്കാണ് വിഷമം ഉണ്ടാകുക? മദ്യശാലകളുടെ എണ്ണം കൂട്ടിയാല്‍ ഇപ്പോള്‍ വലിയ തോതില്‍ പണം മുടക്കി ( ലക്ഷങ്ങള്‍ കൈക്കൂലി തന്നെ കൊടുത്തും) ബാറുകള്‍ തുറന്നവര്‍ക്ക് വിരോധമുണ്ടായേക്കാം. മദ്യ വിരോധമുള്ള കുറെ പേര്‍ നാട്ടിലുണ്ടെന്നത് ശരി തന്നെ. അവരുടെ അഭിപ്രായങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ എപ്പോഴെങ്കിലും വിലകല്‍പ്പിച്ചിട്ടുണ്ടോ? കിറ്റ് കിട്ടണമെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ മദ്യം വിറ്റ് പണം ഉണ്ടാക്കിയേ പറ്റൂ എന്ന് സാധാരണ ജനങ്ങള്‍ക്ക് പോലും അറിയാം. നേരത്തേ പറഞ്ഞത് പോലെ ഈ സൗകര്യം മറ്റു പല രീതികളില്‍ വികസിപ്പിച്ചാലും കേരളീയര്‍ സഹിച്ചോളും എന്ന് സര്‍ക്കാറിന് അറിയാം. സര്‍ക്കാറിന്റെ നയം തന്നെ ആകയാല്‍ മുന്നണിയിലും ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ വഴിയില്ല.



source https://www.sirajlive.com/yes-we-have-moving-bars-too.html

Post a Comment

أحدث أقدم