മുടിവെട്ടിയത് തെറ്റി; മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡൽഹി | തെറ്റായ രീതിയിൽ മുടിവെട്ടിയെന്ന പരാതിയിൽ രണ്ട് കോടി രൂപ നഷ്്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറിൽ അവസരങ്ങൾ നഷ്്ടമാക്കിയെന്നും മുടി വളരുന്നതിന് നൽകിയ ചികിത്സയിൽ പിഴവുകൾ സംഭവിച്ചുവെന്നും കാണിച്ച് ആഡംബര ഹോട്ടൽ ശൃംഖലയായ ഐ ടി സി മൗര്യക്കെതിരെ മോഡൽ നൽകിയ പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആർ കെ അഗർവാൾ, അംഗം ഡോ. എസ് എം കാന്തികാർ എന്നിവരാണ് യുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ശൃംഖലക്ക് നിർദേശം നൽകിയത്.

പരാതിക്കാരി മുടി സംരക്ഷണ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട മോഡലായിരുന്നു. സ്ത്രീകൾ അവരുടെ മുടിയിൽ വളരെ ശ്രദ്ധാലുക്കളാണെന്നും മുടി നല്ല നിലയിൽ നിലനിർത്താൻ അവർ വൻ തുക ചെലവഴിക്കുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി. പരാതിക്കാരി അവരുടെ മുടിയുമായി വൈകാരിക ബന്ധമുള്ളയാളാണ്. നീളമുള്ള മുടിയാണ് കേശ സംരക്ഷണ ഉത്പന്നങ്ങളുടെ മോഡലായി അവർക്ക് അവസരം ലഭിക്കുന്നതിന് പ്രധാന കാരണം. വി എൽ സി സി, പാന്റീൻ കമ്പനികളുടെ മോഡലിംഗ് ചെയ്തിരുന്നു. പക്ഷേ, നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മുടി മുറിച്ചതിനാൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരസ്യങ്ങൾ നഷ്്ടമാകുകയും വലിയ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അത് അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. മികച്ച മോഡലാകാനുള്ള അവരുടെ സ്വപ്നം തകർന്നു. മുടി വളരുന്നതിന് സലൂൺ നൽകിയ ചികിത്സ ജീവിതം തന്നെ തകിടം മറിച്ചെന്നും കമ്മീഷൻ വിലയിരുത്തി. മുടി വളരുന്നതിന് നൽകിയ ചികിത്സയിലെ മെഡിക്കൽ അശ്രദ്ധയും കുറ്റകരമാണ്. അവരുടെ തലയോട്ടിയിലെ ചർമം കരിഞ്ഞു. ജീവനക്കാരുടെ പിഴവ് കാരണം അലർജിയും ചൊറിച്ചിലും അനുഭവിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.
2018 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. ഒരു അഭിമുഖത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുടിയുടെ നീളം കുറക്കാൻ വേണ്ടിയാണ് യുവതി ഹോട്ടൽ ഐ ടി സിയിലെത്തിയത്. മോഡലിന്റെ മുടി സ്ഥിരമായി മുറിക്കുന്ന സ്റ്റൈലിസ്റ്റിനെ ലഭ്യമല്ലെന്നും പകരം മറ്റൊരാളെ നൽകാമെന്നും സലൂൺ അധികൃതർ അറിയിച്ചു.

പകരമായി നൽകിയ ജീവനക്കാരിയുടെ സേവനത്തിൽ യുവതി നേരത്തേ പരാതി ഉന്നയിച്ചിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ജീവനക്കാരി ജോലിയിൽ മെച്ചപ്പെട്ടുവെന്നായിരുന്നു സലൂൺ മാനേജരുടെ മറുപടി.

തുടർന്ന് മുടി മുറിക്കാൻ ജീവനക്കാരിക്ക് യുവതി അനുമതി നൽകി. മുടി എങ്ങനെ മുറിക്കണമെന്നത് സംബന്ധിച്ച്‌ യുവതി ജീവനക്കാരിക്ക് കൃത്യമായി നിർദേശം നൽകി. മുടി നാലിഞ്ച് വെട്ടാനും പറഞ്ഞു. എന്നാൽ ഇതിന് വിപരീതമായി വെറും നാലിഞ്ച് മാത്രം ബാക്കിവെച്ച് മുടി മുറിക്കുകയായിരുന്നു. ഇതോടെ കഷ്്ടിച്ച് തോളൊപ്പമായി മുടിയുടെ നീളം. മുടി മുറിച്ചതിലെ അപാകതയെക്കുറിച്ച് സലൂൺ മാനേജരോട് യുവതി പരാതിപ്പെട്ടതിനെ തുടർന്ന് അവർക്ക്് സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു. തുടർന്ന് നടത്തിയ ചികിത്സയിൽ മുടികൂടുതൽ കേടായി.

ചികിത്സക്ക് ഉപയോഗിച്ച രാസവസ്തു കാരണം തലയോട്ടിയിലെ ചർമം കരിയുകയും തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു.



source https://www.sirajlive.com/the-haircut-was-wrong-order-to-pay-2-crore-compensation-for-the-model.html

Post a Comment

أحدث أقدم