വീണ്ടും തോറ്റ് ബാംഗ്ലൂര്‍; പോയിന്റ് പട്ടികയില്‍ ചെന്നൈ മുന്നില്‍

ഷാര്‍ജ | ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിലെ മികച്ച പ്രകടനം ഷാര്‍ജയിലും തുടര്‍ന്ന് വയസ്സന്‍ പടയെന്ന് വിശേഷിപ്പിക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സീസണിലെ മുപ്പത്തി അഞ്ചാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ ആറു വിക്കറ്റ് വിജയം സ്വന്തമാക്കി. ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയ ബാംഗ്ലൂരിന്റെ വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു. ഈ വിജയത്തോടെ ചെന്നൈ ക്വാളിഫയര്‍ പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. ഒരു കളികൂടെ ജയിച്ചാല്‍ കപ്പിന് വേണ്ടി അവസാന റൗണ്ടില്‍ ചെന്നൈയും മത്സരിക്കും.ഈ വിജയത്തോടെ നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മലയാളി താരം ദേവദത്ത് പടിക്കലിന്റേയും കോലിയുടേയും അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് 156 എന്ന സ്‌കോറിലേക്ക് എത്തിയത്. ഷാര്‍ജയുടെ പിച്ചില്‍ മികച്ച തുടക്കം ബാംഗ്ലൂരിന് ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ ബ്രാവോയും താക്കൂറും ചേര്‍ന്ന് പിടിച്ചു കെട്ടുകയായിരുന്നു. ബാംഗ്ലൂരിന്റെ മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും പാടേ നിറം മങ്ങി. ചെന്നൈക്കായി ക്രീസിലെത്തിയവര്‍ എല്ലാവരും തന്നെ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീണു കൊണ്ടിരുന്നു.

ചെന്നൈക്കായി ബ്രാവോ മൂന്ന് വിക്കറ്റും ശര്‍ദൂല്‍ താക്കൂര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ബാംഗ്ലൂരിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും ചാഹലും മാക്‌സവെല്ലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.



source https://www.sirajlive.com/bangalore-loses-again-chennai-leads-in-points-table.html

Post a Comment

أحدث أقدم