പാലക്കാട് | ട്രെയിനിൽ രുചികരമായ ഭക്ഷണം യാത്രക്കാർക്ക് ലഭ്യമാക്കാൻ റെയിൽവേ ഇ- കാറ്ററിംഗ് സർവീസ് വിപുലപ്പെടുത്തുന്നു. ഇ- കാറ്ററിംഗ് മുഖേന വൻകിട ഹോട്ടലുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ചുമതല നൽകുന്നതോടെ യാത്രക്കാർക്ക് വൻതുക നൽകി ഭക്ഷണം വാങ്ങേണ്ട സ്ഥിതിവിശേഷമുണ്ടാകുമെന്ന് റെയിൽവേ തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
റെയിൽവേ സ്വകാര്യവത്കരിക്കുന്നതിന് മുന്നോടിയായി ഭക്ഷണ വിതരണം സ്വകാര്യ കുത്തകൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് ഇ- കാറ്ററിംഗ് സർവീസ് വ്യാപകമാക്കുന്നതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിലവിൽ മിതമായ നിരക്കിലാണ് ട്രെയിനിൽ യാത്രക്കാർക്ക് ഭക്ഷണം നൽകി വരുന്നത്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ( ഐ ആർ ടി സി) മുഖേനയാണ് ഇ- കാറ്ററിംഗ് സർവീസ് മികച്ച രീതിയിലാക്കാൻ ശ്രമം നടത്തി വരുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രാജ്യത്ത് കേരളം ഉൾപ്പെടെ ഏതാനും റെയിൽവേ സ്റ്റേഷനുകളിൽ ഇ -കാറ്ററിംഗ് സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാൽ വൻകിട ഹോട്ടലുടമകൾ വിമുഖത കാണിക്കുകയായിരുന്നു.
ട്രെയിൻ സ്റ്റേഷനുകളിലെത്തുമ്പോൾ കമ്പാർട്ട്മെന്റുകളിൽ യാത്രക്കാരെ കണ്ടെത്തുന്നതിനുൾപ്പെടെയുള്ള പ്രയാസങ്ങളാണ് വൻകിട ഹോട്ടലുടമകളെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്.
ഇത്തരമൊരു പശ്ചാത്തലത്തിൽ ഐ ആർ ടി സി യു ഇ കാറ്ററിംഗ് പോർട്ടലിൽ ഭക്ഷണം യാത്രക്കാരന് അതാത് സ്റ്റേഷനുകളുടെ സമീപത്തെ ഇഷ്ടമുള്ള ഹോട്ടലുകളിൽ ബുക്ക് ചെയ്യാനും ഇവിടങ്ങളിൽ നിന്ന് ഐ ആർ ടി സി തന്നെ യാത്രക്കാർക്ക് എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുകയാണ് ചെയ്യുന്നത്. ഇത് ഇ- കാറ്ററിംഗ് സർവീസ് വിപുലമാക്കുന്നതിന് പുറമെ കൂടുതൽ ഹോട്ടലുകളെ ഇതിൽ പങ്കാളികളാക്കാനും കഴിയുമെന്നാണ് റെയിൽവേ കരുതുന്നത്.
നിലവിൽ പാലക്കാട് ഡിവിഷന് കീഴിൽ ഉൾപ്പെടെ രാജ്യത്തെ 500 ഓളം റെയിൽവേ സ്റ്റേഷനുകളിൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
source https://www.sirajlive.com/e-catering-service-for-large-hotels-train-food-prices-will-skyrocket.html
Post a Comment