തിരുവനന്തപുരം | എയ്ഡഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ സഹായം മൗലികാവകാശമല്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവ് എയ്ഡഡ് സ്ഥാപനങ്ങൾക്ക് മേൽ നിയന്ത്രണ നടപടികൾ ആലോചിക്കുന്ന സംസ്ഥാന സർക്കാറിനുള്ള എളുപ്പമാകും.
സർക്കാർ നയങ്ങൾ അംഗീകരിക്കാത്ത സ്ഥാപനങ്ങൾക്ക് ‘എയ്ഡഡ്’ വേണ്ടെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ നൽകിവരുന്ന ധനസഹായം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതനമുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമ്പോഴും സർക്കാർ നയങ്ങൾ അംഗീകരിക്കാതിരിക്കുകയും നിയമനമുൾപ്പെടെയുള്ള കാര്യങ്ങളിൽ വെല്ലുവിളിക്കുകയും ചെയ്യുന്ന എയ്ഡഡ് മാനേജ്‌മെന്റുകളെ വരുതിയിൽ കൊണ്ടുവരണമെന്ന് ഏറെ കാലമായി ആവശ്യമുയരുന്നുണ്ട്. ഇക്കാര്യത്തിൽ ഉചിതമായി തീരുമാനമെടുക്കാൻ അവസരം കാത്തിരിക്കുന്ന സർക്കാറിനുള്ള അവസരമാണ് പരമോന്നത കോടതിയുടെ നിലപാട്. ഉത്തർപ്രദേശിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ ക്ലാസ്സ് ഫോർ ജീവനക്കാരുടെ സ്ഥിര നിയമനം നിർത്തലാക്കിയത് ഭരണഘടനാവിരുദ്ധമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത യു പി സർക്കാറിന്റെ ഹരജിയിലാണ് വിധിയെങ്കിലും കേരള സർക്കാറിന് എയ്ഡഡ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ഈ വിധി സഹായകമാകും. നേരത്തേ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം സർക്കാർ അറിഞ്ഞു വേണമെന്ന ബജറ്റ് നിർദേശം എതിർത്ത മാനേജ്‌മെന്റുകൾക്കെതിരെ മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ചിരുന്നു. എയ്ഡഡ് സ്‌കൂളുകളിൽ അന്യായമായി സൃഷ്ടിച്ച തസ്തികകൾ പരിശോധിക്കുമെന്നും പുതിയ നിയമനങ്ങൾ സർക്കാറിന്റെ അനുമതിയോടെ ആകണമെന്നുമായിരുന്നു ബജറ്റ് നിർദേശം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ, സ്‌കൂൾ നടത്തിപ്പിൽ സർക്കാറിന്റെ ഇടപെടലിന് മാനേജ്‌മെന്റുകൾ എതിരാണ്. പിന്നോട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ നിയമ നടപടികൾ സ്വീകരിക്കാനായിരുന്നു മാനേജ്‌മെന്റുകളുടെ തീരുമാനം. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് പിന്മാറുകയായിരുന്നു.
അധ്യാപക-വിദ്യാർഥി അനുപാതം ലംഘിച്ച് തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്ന പല മാനേജ്‌മെന്റുകൾക്കും സർക്കാർ തീരുമാനം തിരിച്ചടിയാകുമെന്നിരിക്കെ ആവശ്യമെങ്കിൽ ഈ സ്‌കൂളുകൾ ഏറ്റെടുത്ത് കെട്ടിടത്തിന്റെ വാടക നൽകാമെന്ന കടുത്ത നിലപാട് വരെ സർക്കാർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 13,255 സംരക്ഷിത അധ്യാപകർ പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ സർക്കാറിന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ എയ്ഡഡ് സ്‌കൂളുകൾ 18,119 തസ്തികകൾ സൃഷ്ടിച്ചെന്ന് സർക്കാർ ഉന്നയിച്ചിരുന്നു. എയ്ഡഡ് സ്‌കൂളുകൾ ഏറെയും ക്രൈസ്തവ സഭകളുടെയും എൻ എസ് എസ്, എസ് എൻ ഡി പി തുടങ്ങിയ സമുദായ സംഘടനകളുടെയും കീഴിലാണ്.
ഭിന്നശേഷിക്കാർക്ക് സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ എസ് എസും കാത്തലിക് സ്‌കൂൾ മാനേജുമെന്റ് കൺസോർഷ്യവും ചേർന്ന് നൽകിയ ഹരജിയിലും സുപ്രീം കോടതി എയ്ഡഡ് മാനേജ്‌മെന്റുകൾക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. സർക്കാർ നയം അംഗീകരിക്കാത്ത സ്ഥാപനങ്ങൾക്ക് പണം നൽകുന്നത് നിർത്തണമെന്ന് സർക്കാറിനോടും സർക്കാർ ശമ്പളം നൽകുമ്പോൾ സർക്കാർ നയം എയ്ഡഡ് സ്ഥാപനങ്ങൾ അംഗീകരിക്കണമെന്ന് മാനേജ്‌മെന്റുകളോടും കോടതി നിർദേശിച്ചിരുന്നു.
source https://www.sirajlive.com/supreme-court-ruling-aided-control-easier-for-government.html
Post a Comment