ദുബൈ | അടുത്ത മാസം 17ന് ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് താരം ചാഹൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർഭജൻ പ്രതികരണവുമായി രംഗത്തെത്തിയത്. നാല് ഒാവറിൽ വെറും 11 റൺസ് മാത്രം വിട്ടുനൽകിയാണ് യുസ്്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിചയസമ്പന്നനായ ചാഹലിന് പകരം മുംബൈ ഇന്ത്യൻസിന്റെ സ്പിന്നർ രാഹുൽ ചാഹറിനെയാണ് തിരഞ്ഞെടുത്തത്. ടി20 യിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് ചാഹൽ. യു എ ഇയിൽ സ്പിൻ ബൗളർമാരെക്കാളും പേസ് ബൗളർമാർക്ക് കൂടുതൽ ആനുകൂല്യം കിട്ടുമെന്ന കാര്യം മുൻനിർത്തിയാണ് സെലക്ടർമാർ ചാഹലിനെ ഒഴിവാക്കിയത്. “ചാഹൽ വേഗതയേറിയ പന്താണോ അതോ സ്പിന്നാണോ എറിഞ്ഞത്?’ എന്നാണ് സെലക്ടർമാരുടെ പിഴവ് ചൂണ്ടിക്കാട്ടി ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തത്. ചാഹലിനെ ടീമിലെടുക്കാത്തതിൽ ഹർഭജൻ വളരെ നിരാശനായിരുന്നു. യു എ ഇയിൽ നടന്ന 2020 ഐ പി എല്ലിൽ 21 വിക്കറ്റാണ് ചാഹൽ സ്വന്തമാക്കിയത്.
source https://www.sirajlive.com/harbhajan-singh-against-selectors.html
إرسال تعليق